എരുമപ്പെട്ടി: എരുമപ്പെട്ടി സർക്കാർ ആശുപത്രിയുടെ മുഖം മാറുന്നു. ഒരു കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ വാർഡ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കിടത്തിച്ചികിത്സയ്ക്കായി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
നബാർഡിന്റെ സഹായത്തോടെ ഏഴ് കോടി രൂപ ഫണ്ട് ചെലവഴിച്ച് നിർമ്മിക്കുന്ന ഹൈടെക്ക് ആശുപത്രി കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ അത്യാഹിത വിഭാഗം, ഓപറേഷൻ തിയ്യറ്റർ, ഐ.സി.യു, ലാബ്, എക്‌സ് റെ ലാബ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടും. നാല് പഞ്ചായത്തുകളിൽ നിന്നായി ദിവസവും നൂറു കണക്കിന് രോഗികളാണ് ഈ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം മികച്ച ചികിത്സാ സൗകര്യം ജനങ്ങൾക്ക് നൽകുക എന്നതാണ് ലക്ഷ്യം. മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയാകും.
കോൺഗ്രസ് ബഹിഷ്കരിക്കും
എരുമപ്പെട്ടി സർക്കാർ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങ് എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് ജനപ്രതിനിധികൾ ബഹിഷ്‌കരിക്കും. പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ, വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ എന്നിവരെ കള്ളക്കേസിൽ കുടുക്കാൻ മന്ത്രി എ.സി. മൊയ്തീൻ ഇടപ്പെട്ടുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് മന്ത്രിയെ ബഹിഷ്‌കരിക്കുന്നത്. പഞ്ചായത്തിലെ മുട്ടിക്കൽ കോളനിയിലെ അംഗൻവാടി കെട്ടിട ഉദ്ഘാടനച്ചടങ്ങിലും മന്ത്രി പങ്കെടുക്കുന്നതിനാൽ കോൺഗ്രസ് ജനപ്രതിനിധികൾ വിട്ട് നിൽക്കുമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.
കിടത്തിച്ചികിത്സയ്ക്ക് കെട്ടിട നിർമ്മാണം എ.സി. മൊയ്തീന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്
ഹൈടെക് ആശുപത്രി കെട്ടിട നിർമ്മാണം നബാർഡ് സഹായത്തോടെ ഏഴ് കോടി ചെലഴിച്ച്