മാള: പൊയ്യ ലാ കോളേജിൽ വിദ്യാർത്ഥിനിയെ റാഗ് ചെയ്തിട്ടില്ലെന്ന ആന്റി റാഗിംഗ് സമിതിയുടെ റിപ്പോർട്ടിനെ തുടർന്ന് കേസ് എടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ലാ കോളേജിലെ ആന്റി റാഗിംഗ് സമിതി റാഗിംഗ് നടന്നതിന് തെളിവില്ലെന്ന നിഗമനത്തിലാണ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റാഗിംഗ് കേസ് എടുക്കാൻ പൊലീസിന് നിയമപരമായ തടസം ഉണ്ടെന്നാണ് വാദം. ആന്റി റാഗിംഗ് സമിതിയുടെ കണ്ടെത്തലും റിപ്പോർട്ടും മറികടന്ന് കേസ് എടുത്താൽ നിയമപരമായി നിലനിൽക്കില്ലെന്നാണ് ഉപദേശം ലഭിച്ചിട്ടുള്ളതെന്നാണ് സൂചന. വിദ്യാർത്ഥിനിയെ റാഗിംഗ് നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെന്ന് പരാതിപ്പെട്ട് കഴിഞ്ഞ ദിവസം കെ.എസ്.യുവിന്റെ നേതൃത്വത്തിൽ മാള പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ സ്ഥാപനത്തെ തകർക്കാൻ നടക്കുന്ന ശ്രമമാണെന്ന നിലപാടാണ് ചില കോൺഗ്രസ് നേതാക്കൾക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ നടന്ന സമരത്തിലും പ്രതിഷേധത്തിലും കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി ഉണ്ടായിരുന്നതായും സൂചനയുണ്ട്.