ചാലക്കുടി: കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി സർക്കാരിലേക്ക് അപേക്ഷ നൽകാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. നിലവിലെ ഡി.ടി.പി പ്രകാരമുള്ള മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യാതെ പുതിയതിന് ശ്രമം നടത്തരുതെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് യോഗത്തിൽ ഒച്ചപ്പാടുണ്ടായി. പ്രതിപക്ഷ എതിർപ്പിനെ മറികടന്നാണ് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ റൂളിംഗ് നൽകിയത്.

പ്രസ്തുത വിഷയം ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് തീരുമാനം. കൗൺസിൽ ആരംഭിച്ചപ്പോൾ തന്നെ നിലവിലുള്ള മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ ആദ്യം അജൻഡ ചർച്ച ചെയ്യാമെന്ന് ചെയർപേഴ്‌സൺ അറിയിച്ചെങ്കിലും യു.ഡി.എഫ് വഴങ്ങിയില്ല. ഇതേത്തുടർന്നുള്ള പ്രതിഷേധം പിന്നീട് ബഹളത്തിലായി.

രണ്ടാഴ്ച മുമ്പ് നടന്ന യോഗത്തിൽ പിന്തുണച്ച വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, സ്ഥിരംസമിതി അദ്ധ്യക്ഷൻ യു.വി. മാർട്ടിൻ എന്നിവരുടെ നിലപാടിന് കാതോർത്തിരുന്ന പ്രതിപക്ഷത്തിന് നിരാശയായിരുന്നു ഫലം. സർക്കാരിൽ നിന്നും ലഭിച്ച നിയമോപദേശ പ്രകാരമാണ് ചെയർപേഴ്‌സൺ കാര്യങ്ങൾ വ്യക്തമാക്കിയതെന്ന് വൈസ് ചെയർമാൻ പറഞ്ഞു. ഇതോടെ പ്രതിപക്ഷം സ്വരം ശക്തമാക്കി. പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ ഭരണപക്ഷവും രംഗത്തെത്തിയതോടെ യോഗം അലങ്കോലമായി.

പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, അഡ്വ. ബിജു ചിറയത്ത്, കെ.വി. പോൾ, ജിയോ കിഴക്കുംതല എന്നിവർ തങ്ങളുടെ ഇരിപ്പിടത്തിൽ നിന്നും ഇറങ്ങിവന്നു ബഹളം വച്ചു. ഭരണപക്ഷത്തെ പി.എം. ശ്രീധരൻ, ജീജൻ മത്തായി, വി.ജെ. ജോജി, ഉഷ പരമേശ്വൻ, ജോജു വെട്ടിയാടൻ, വി.സി. ഗണേശൻ തുടങ്ങിയവരും പ്രതിപക്ഷത്തെ വിമർശിച്ച് രംഗത്തെത്തി. ഇതിനിടെ ചെയർപേഴ്‌സന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ ആലീസ് ഷിബു കൗൺസിൽ ബഹിഷ്‌കരിച്ചു.

യോഗനടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ അജൻഡ പാസാക്കിയതായി അറിയിച്ച് ചെയർപേഴ്‌സൺ ബെല്ലടിച്ച് യോഗം പിരിച്ചുവിട്ടു. ചെയർപേഴ്‌സന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ പിന്നീട് കൗൺസിൽ ഹാളിൽ കുത്തിയിരിപ്പ് സമരം നടത്തി.

കൗൺസിലിൽ

പഴയ മാസ്റ്റർ പ്ലാൻ റദ്ദാക്കാതെ പുതിയ മാസ്റ്റർ പ്ലാൻ നടപ്പാക്കരുതെന്ന് പ്രതിപക്ഷം

അജൻഡ ആദ്യം ചർച്ച ചെയ്യാമെന്ന ആവശ്യം പ്രതിപക്ഷം അംഗീകരിച്ചില്ല

വൈസ് ചെയർമാനും സ്ഥിരം സമിതി അദ്ധ്യക്ഷനും പഴയ നിലപാട് തിരുത്തി

രണ്ടാഴ്ച മുൻപ് യോഗത്തിൽ പ്രതിപക്ഷ തീരുമാനത്തിനൊപ്പമായിരുന്നു ഇവർ

സർക്കാരിന്റെ നിയമോപദേശപ്രകാരമാണ് പുതിയ തീരുമാനമെന്ന് വൈസ് ചെയർമാൻ

മാസ്റ്റർ പ്ലാൻ നടപ്പാക്കാതിരിക്കാനുള്ള തന്ത്രം, ഇട്ടത്താപ്പ്: ചെയർപേഴ്സൺ

ചാലക്കുടി: ചാലക്കുടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന മാസ്റ്റർ പ്ലാൻ നടപ്പിലാക്കാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പ്രതിപക്ഷം കൗൺസിലിൽ ബഹളം വച്ചതെന്ന് നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ. പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ ചെയർമാനായിരുന്ന കാലത്ത് തയ്യാറാക്കിയ മാസ്റ്റർ പ്ലാനാണ് ഇപ്പോഴുള്ളത്. ഇതിലെ അപാകതകൾ പരിഹരിച്ച് അംഗീകാരത്തിനായി സർക്കാരിലേക്ക് നൽകാനാണ് പ്രത്യേക കൗൺസിൽ ചേർന്നത്. പുതിയ മാസ്റ്റർ പ്ലാൻ പ്രാബല്യത്തിൽ വരുന്നതോടെ നിലവിലെ കാലഹരണപ്പെട്ട മാസ്റ്റർ പ്ലാൻ റദ്ദാകും.

പഴയ മാസ്റ്റർ പ്ലാൻ റദ്ദാക്കിയതിന് ശേഷം പുതിയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച ചർച്ച മതിയെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതു ഇരട്ടത്താപ്പാണെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. നിലവിലുള്ള മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യാൻ നഗരസഭയ്ക്ക് അധികാരമില്ല. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. പുതിയ മാസ്റ്റർ പ്ലാൻ വരുന്നതോടെ പഴയ മാസ്റ്റർ പ്ലാൻ റദ്ദാകും. സത്യാവസ്ഥ ഇതാണെന്നിരിക്കെ പുതിയ മാസ്റ്റർ പ്ലാൻ വരാതിരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമാണ് കൗൺസിൽ അലങ്കോലപ്പെടുത്തിലൂടെ പ്രതിപക്ഷം ചെയ്തതെന്ന് ചെയർപേഴ്‌സൺ ആരോപിച്ചു.