ചാലക്കുടി: തൃശൂർ റവന്യൂ ജില്ലാ കായികമേള 11മുതൽ 13 വരെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നത്. 11ന് ക്രൈസ്റ്റ് കോളേജിൽ തുടക്കമാകും. ഡിസ്‌കസ് ത്രോ, ജാവലിൻ ത്രോ, ഹൈജമ്പ്, ഹഡിൽസ് എന്നീ ഇനങ്ങൾ ആദ്യദിവസം നടക്കും.
വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്രയും ഇനങ്ങൾ ക്രൈസ്റ്റ് കോളേജിലേക്ക് മാറ്റിയതെന്ന് ഭാരവാഹികൾ പറഞ്ഞു.12ന് രാവിലെ പത്തിന് ചാലക്കുടി കാർമ്മൽ സ്റ്റേഡിയത്തിൽ മേളയുടെ ഔപചാരിക ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിക്കും. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയാകും.
13ന് വൈകീട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു ഉദ്ഘാടനം ചെയ്യും. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആലീസ് ഷിബു അദ്ധ്യക്ഷത വഹിക്കും. 12 ഉപജില്ലകളിൽ നിന്നായി 2500ഓളം വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും. ഭാരവാഹികളായ എൻ.ജി. സന്തോഷ് കുമാർ, എൻ. സതീശൻ, എ.എസ്. മിഥുൻ, എം.പി. അനിൽകുമാർ, കെ.എ. വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.