ഗുരുവായൂർ: ദേവസ്വം ഭരണസമിതിയിലെ ചെയർമാനും ജീവനക്കാരുടെ പ്രതിനിധിയും തമ്മിലുള്ള തമ്മിലടി മറനീക്കി പുറത്തേക്ക്. ജീവനക്കാരുടെ പ്രതിനിധിക്കെതിരെ പ്രസ്താവനയുമായി ചെയർമാൻ രംഗത്ത്. ഭരണസമിതി യോഗത്തിൽ ചെയർമാൻ കൂടിയാലോചന നടത്താത്തതിൽ പ്രതിഷേധിച്ച് രണ്ടംഗങ്ങൾ ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായി വന്ന വാർത്ത പൂർണ്ണമായും ശരിയല്ലെന്നും തെറ്റിദ്ധാരണാജനകമാണെന്നും ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് വാർത്താകുറിപ്പിൽ പറയുന്നു.

ഗുരുവായൂർ ദേവസ്വം ഇലക്ട്രിസിറ്റി വിഭാഗത്തിലെ ജീവനക്കാർ അവിടെയുള്ള കമ്പ്യൂട്ടർ ദുരുപയോഗം ചെയ്തതായി കാണിച്ച് ഒരു ഭക്തനിൽ നിന്ന് ലഭിച്ച പരാതിയിൻമേൽ ദേവസ്വം ഐ.ടി വിഭാഗം തലവനെ അന്വേഷണച്ചുമതല ഏല്പിച്ച പ്രകാരം അന്വേഷണം ആരംഭിച്ചപ്പോഴാണ് കമ്പ്യൂട്ടറിലെ ഹാർഡ് ഡിസ്‌ക് നഷ്ടപ്പെട്ടത്. ഇതിൽ വകുപ്പ് തല അന്വേഷണം നടത്തിയതിൽ കഴിഞ്ഞ ദിവസം നടപടിക്ക് വിധേയരായവർക്ക് ഏതിരെ പ്രാഥമിക തെളിവുകൾ ഉണ്ടായിട്ടും ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധിയായ എ.വി. പ്രശാന്ത് കുറ്റാരോപിതരുടെ പേരിൽ നടപടി എടുക്കുന്നതിനെ എതിർക്കുകയാണുണ്ടായത്. ഈ മാസം 6ന് ചേർന്ന ഭരണസമിതിയോഗമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ ജീവനക്കാരെ സസ്‌പെന്റ് ചെയ്യാൻ തീരുമാനിച്ചത്.

അന്നേ ദിവസം പ്രശാന്ത് വിയോജനക്കുറിപ്പ് നൽകാതെ പിറ്റേ ദിവസമാണ് നൽകിയതെന്നും ചെയർമാൻ വാർത്താകുറിപ്പിൽ അറിയിച്ചു. യുഡി ക്ലാർക്കിന്റെ ഒഴിവിലേക്ക് രണ്ട് പേരെ ആറാം തീയതി ചേർന്ന ഭരണസമിതി യോഗം പ്രമോഷൻ നൽകിയിരുന്നു. എന്നാൽ പിന്നീട് ഏഴാം തിയതിയാണ് ജീവനക്കാരുടെ പ്രതിനിധിയായ പ്രശാന്ത് വിയോജനക്കുറിപ്പ് തന്നിട്ടുള്ളതെന്നും ഇതിൽ പറയുന്നത് ഇല്ലാത്ത പോസ്റ്റിലേക്ക് മറ്റൊരു ജീവനക്കാരന് പ്രമോഷൻ നൽകിയില്ലായെന്നുമാണെന്നും ചെയർമാൻ പറയുന്നു.