കൊടുങ്ങല്ലൂർ: സാമ്പത്തിക പ്രതിസന്ധി മൂലം സ്തംഭനത്തിലാവസ്ഥയിലായ നിർമ്മാണ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന കെട്ടിട നിർമ്മാണ തൊഴിലാളി ഫെഡറേഷൻ(കെ.എസ്.കെ.എൻ.ടി.എഫ്) നേതാക്കൾ ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യമായി കെട്ടിട നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി ആരംഭിച്ചത് കേരളത്തിലാണെങ്കിലും ഇതുവഴിയുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ രാജസ്ഥാൻ, തെലുങ്കാന എന്നീ സംസ്ഥാനങ്ങളെ മാതൃകയാക്കാനാണ് തൊഴിലാളികൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത്.
സിമൻറ്, കമ്പി, മെറ്റൽ, എംസാന്റ് തുടങ്ങിയവയുടെ വിലക്കയറ്റം തടയാനും നിർമ്മാണ സാമഗ്രികളുടെ വിതരണത്തിന് സർക്കാർ സംവിധാനം ഉറപ്പുവരുത്തണമെന്നും നിർമ്മാണ തൊഴിലാളികൾക്ക് ഇ.എസ്.ഐ സംവിധാനം ഉറപ്പാക്കണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളാണ് ഫെഡറേഷൻ മുന്നോട്ട് വെക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് ടി.എ ശങ്കർ, ജനറൽ സെക്രട്ടറി പി.കെ സായി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്നും നാളെയുമായി കൊടുങ്ങല്ലൂരിൽ ഫെഡറേഷൻ സംസ്ഥാന സമ്മേളനം നടക്കും. ഇന്ന് രാവിലെ 10ന് പ്രതിനിധി സമ്മേളനവും നാളെ രാവിലെ 10ന് മുനിസിപ്പൽ ടൗൺ ഹാളിൽ സമാപന സമ്മേളനവും നടക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.എ ശങ്കർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എ.ഐ.സി.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം.വി റെഡ്ഡി ഉദ്ഘാടനം ചെയ്യും. പ്രൊഫ. എസ് വേണു രാജൻ എന്റോവ്മെന്റ് വിതരണം ചെയ്യും. കെ.കെ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.
സ്വാഗതസംഘം ചെയർമാൻ വി.കെ ഭാസ്കരൻ, കൺവീനർ എം.എസ് ഷാഹുൽ, ട്രഷറർ ടി.എസ് ചന്ദ്രൻ, പി.കെ അപ്പുക്കുട്ടൻ, എൻ.കെ രാധാകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.