ചെറുതുരുത്തി: കലയ്ക്ക് പ്രായമോ വർഗവർണ വ്യത്യാസമോ ഇല്ലെന്ന് അക്കമിട്ട് ഉറപ്പിക്കുകയാണ് കലാമണ്ഡലം പ്രഭാകരനാശാൻ. വയസ്സ് 74 ആയെങ്കിലും യുവത്വം തോറ്റു പോകുന്ന മെയ് വഴക്കമാണ് തുള്ളൽ കലയിൽ ആശാന്. കലാമണ്ഡലം വാർഷികം വള്ളത്തോൾ ജയന്തിയാഘോഷങ്ങളുടെ ഒന്നാം ദിവസമായ ഇന്നലെ വൈകീട്ട് കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിനു മുന്നിൽ അദ്ദേഹം അവതരിപ്പിച്ച ശീതങ്കൻ തുള്ളൽ യുവകലാകാരന്മാർ ഉൾപ്പെടെയുള്ള കലാലോകത്തിന് വേറിട്ടൊരു അനുഭവമായി മാറി.
തുള്ളൽ പ്രസ്ഥാനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ മലബാർ രാമൻ നായരുടെ സഹോദര പുത്രൻ പതിനഞ്ചാം വയസ്സിലാണ് കലാമണ്ഡലത്തിൽ തുള്ളൽ വിദ്യാർത്ഥിയായെത്തുന്നത്. ഡിപ്ലോമ പഠനത്തിനു ശേഷം ഈ രംഗത്ത് സജീവ സാന്നിദ്ധ്യമായി. ഓട്ടൻ, ശീതങ്കൻ, പറയൻ തുടങ്ങീ 3 തുള്ളലുകളിലും അസാമാന്യ പ്രാവീണ്യമുള്ള പ്രഭാകരനാശാൻ കേരളത്തിനകത്തും പുറത്തുമായി പതിനയ്യായിരത്തിലധികം വേദികളിൽ തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. എഴുപത്തിനാലാം വയസ്സിലും തുള്ളൽ വേദികളിൽ സജീവ സാന്നിദ്ധ്യമായ ആശാൻ ഈ രംഗത്ത് നിരവധി പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്.
നിലവിൽ കലാമമ്ഡലം ഭരണസമിതിയംഗവും വിസിറ്റിംഗ് പ്രൊഫസറുമാണ്. കേരളത്തിനകത്തും പുറത്തുമായി ആയിരകണക്കിന് ശിഷ്യ സമ്പത്തുള്ള അദ്ദേഹം കൂത്തമ്പലത്തിൽ ചൊല്ലിയാടിയത് നമ്പ്യാരുടെ പ്രശസ്ത തുള്ളൽ കഥയായ കല്ല്യാണസൗഗന്ധികമായിരുന്നു. തൃപ്പുണിത്തറ രഞ്ജിത്ത് പാട്ടിലും പ്രവീൺ പ്രഭാകർ മൃദംഗത്തിലും, ഡോ. തൃശൂർ കൃഷ്ണകുമാർ ഇടയ്ക്കയിലും പിന്നണിക്കാരായെത്തിയതോടെ ആശാന്റെ ശീതങ്കൻ 74 ന്റെ ചെറുപ്പത്തോടെ മിന്നിതിളങ്ങി.