വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം വടക്കാഞ്ചേരി പൊലീസ് പിടികൂടി. സംഭവത്തിൽ അഞ്ച് ആസാം സ്വദേശികളെ അറസ്റ്റു ചെയ്തു. അബ്ദുൾ ഹുസൈൻ, അലി ഹുസൈൻ, മാക്കിപുർ റഹ്മാൻ, ഹബീബ് റഹ്മാൻ, മെഹതി അസലാം എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഐലൻഡ് എക്‌സ്പ്രസിൽ കൊണ്ടുവന്ന് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പെരുമ്പാവൂർക്ക് കൊണ്ടുപോകാനായി ഓട്ടോറിക്ഷയിൽ കയറ്റുമ്പോഴാണ് ഉത്പന്നങ്ങൾ ഉൾപ്പെടെ പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 3 ലക്ഷത്തോളം വിലമതിക്കുന്ന 23500 പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. ഇവർ വർഷങ്ങളായി നിരോധിത പുകയില ഉത്പന്നങ്ങൾ പെരുമ്പാവൂരിൽ വിൽപ്പനയ്ക്കായി കൊണ്ടു പോകാറുണ്ടെന്ന് പറയുന്നു. ഈ കച്ചവടത്തിലൂടെ കൊള്ള ലാഭമാണ് ഇവർ നേടികൊണ്ടിരുന്നത്. ഓരോ പായ്ക്കറ്റിനും, 50 രൂപ മുതൽ 75 രൂപ വരെ വസൂലാക്കും. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. മാധവൻകുട്ടി, എസ്.ഐ: ബിന്ദുലാൽ പി.ബി, സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.വി സജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ ശിവജി , റിയാസുദ്ദീൻ, ശ്യാം പി ആന്റണി എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.