200 കടന്ന് മുരിങ്ങ , പയറും കയ്പക്കയും കിട്ടാനില്ല

തൃശൂർ: ശബരിമല തീർത്ഥാടനകാലത്തിന് മുമ്പേ പച്ചക്കറിക്ക് പൊളളുന്ന വിലയായിട്ടും വിലക്കയറ്റം തടയാൻ ശ്രമമില്ല. വില ഉയരാൻ തുടങ്ങിയിട്ട് ഒരാഴ്ച്ചയിലേറെയായി. വൃശ്ചികം പിറക്കുന്നതോടെ പച്ചക്കറി ഉപയോഗിക്കുന്നവർ ഇരട്ടിയാകുമ്പോൾ വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ തന്നെ വ്യക്തമാക്കുന്നു.

പച്ചപയർ, കയ്പക്ക എന്നിവയുടെ വരവും കുറഞ്ഞിട്ടുണ്ട്. നാടൻ പച്ചക്കറികളുടെ വരവ് കുറഞ്ഞതാണ് വില കൂടാൻ പ്രധാന കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും പച്ചക്കറി എത്തുന്നത്.

വില ഉയരുന്നത്

സവാള, പയർ, മുരിങ്ങ, കയ്പക്ക

ഇവ വരുന്നത് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന്

വിലക്കയറ്റമില്ലാത്തത്

മത്തങ്ങ, വെണ്ടക്കായ, എളവൻ

വില ഉയരാൻ കാരണം

ഇതരസംസ്ഥാനങ്ങളിലെ വെളളപ്പൊക്കം അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ

അയൽസംസ്ഥാനങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന കനത്ത മഴയും തിരിച്ചടി

വിഷരഹിത പച്ചക്കറി ഉത്പാദനത്തിനുള്ള സർക്കാർ പദ്ധതികളുടെ കാര്യക്ഷമതയില്ലായ്മ

പ്രളയശേഷമുള്ള തിരിച്ചടികൾ

മണ്ണ് ഫലഭൂയിഷ്ഠമല്ലാതായത് പ്രതികൂലം

രോഗവ്യാപനം നിയന്ത്രണാതീതം

കരയിപ്പിക്കും ഉള്ളി

ചെറിയ ഉള്ളിക്കും വിലയേറുന്നു. കിലോയ്ക്ക് 80 രൂപ വരെയെത്തി. സവാളയുടെ ചെറിയ ഇനം, ഉള്ളിയുടെ ഗണത്തിൽപ്പെടുത്തി വില കൂട്ടി വിൽക്കുന്നതായും പരാതി ഉണ്ട്. സവാളയുടെ വില കഴിഞ്ഞ ഒരു മാസത്തിലേറെയായി അറുപതിന് മുകളിലാണ്. കഴിഞ്ഞ ദിവസം അത് 80 വരെ എത്തി. സവാള സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നു. സവാള വിലവർദ്ധനവിനെ തുടർന്ന് ഒക്ടോബർ ആദ്യം സപ്ലൈകോ കിലോ 38 രൂപ നിരക്കിൽ സവാള സംഭരിച്ച് സംസ്ഥാനത്ത് വിതരണം നടത്തിയിരുന്നു. ഇതേ രീതിയിൽ കുറഞ്ഞ വിലയ്ക്ക് സവാള സംഭരിച്ച് വിതരണം നടത്താനാണ് സപ്ലൈകോയുടെ ശ്രമമെങ്കിലും വിപണിയിൽ ഇത് പ്രതിഫലിച്ചിട്ടില്ല.

വിലനിലവാരം, ഒരു കിലോഗ്രാമിന്

കയ്പക്ക -70

മുരിങ്ങ -225

പച്ചമുളക് -120

സവാള -75

പയർ -80

ചേന -40

കിഴങ്ങ് -40

ബീറ്റ് റൂട്ട് -45

കാബേജ് - 60

വില കുറവ്: വെണ്ട -30

മത്തൻ -25

വെള്ളരി -35

സവാള വില

ഒക്ടോ. 25 ന് 40-45

30ന് 50-55

നവംബർ 5 60-65

നവം 9 70-75