ചാവക്കാട്: അയോദ്ധ്യ കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചതോടെ ചാവക്കാട് മേഖലയിൽ കനത്ത സുരക്ഷ. വിവിധ ഇടങ്ങളിലായി 11 സ്ഥലത്ത് പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തി. നൂറോളം വരുന്ന പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ ജീപ്പിലും, ബൈക്കിലും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആഹ്ലാദപ്രകടനമോ, പ്രതിഷേധ പ്രകടനമോ നടത്തുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും. സമൂഹ മാദ്ധ്യമങ്ങളിൽ വിദ്വേഷ പ്രചരണം നടത്തുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചാവക്കാട് പൊലീസ് മേഖലയിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും പ്രതിനിധികളെയും ഉൾപ്പെടുത്തി സർവകക്ഷി യോഗം വിളിച്ചു ചേർത്തിരുന്നു.