തൃശൂർ: തൃശൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും മാലിന്യ നിർമ്മാർജനത്തിനും ബൃഹത്തായ പദ്ധതികൾ കോർപറേഷനും സർക്കാരും ചേർന്ന് എത്രയും വേഗം യാഥാർത്ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ. സി മൊയ്തീൻ പറഞ്ഞു. ആധുനിക 'ടാഗോർ സെന്റിനറി ഹാളിന്റെ നിർമാണോദ്ഘാടനവും അയ്യന്തോളിലെ പുതിയ സോണൽ ഓഫീസിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഹാളിന്റെ തറക്കല്ലിടലും ശിലാഫലകം അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. മുൻ മേയർമാരായ അജിതാ ജയരാജ്, പ്രൊഫ. ആർ. ബിന്ദു എന്നിവരെ ആദരിച്ചു. പദ്ധതിയുടെ ബ്രോഷർ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ പ്രകാശനം ചെയ്തു. കരാർ കോപ്പി കമ്പനി പ്രതിനിധിക്ക് മന്ത്രി കൈമാറി. മേയർ അജിതാ വിജയൻ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ടിംഗ് എൻജിനിയർ ഐഡ ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എൽ റോസി, അഡ്വ. എം.പി സുകുമാരൻ, കരോളി ജോഷ്വ, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ അനൂപ് ഡേവിസ് കാട, സുനിത വിനോദ് തുടങ്ങിയവർ സംബന്ധിച്ചു. ഡോ. എം.എൻ സുധാകരൻ, പ്രസന്ന ബാലൻ, ടി.എസ് അശോകൻ, സി.പി ജോസ്, കെ.കെ ദാമോദരൻ, എം.ജി സുകുമാരൻ, എം.സി വർഗീസ് എന്നിവരെ ആദരിച്ചു.
മന്ത്രിയുടെ മറ്റ് വാഗ്ദാനങ്ങൾ
കിഴക്കെകോട്ടയിലെയും പടിഞ്ഞാറെകോട്ടയിലെയും ഫ്‌ളൈ ഓവറുകൾ കിഫ്ബി പദ്ധതിയുടെ ഭാഗമായി എത്രയും വേഗം നടപ്പാക്കും
കൊക്കാലയിലെ ഫ്‌ളൈ ഓവറിന്റെയും റോഡിന്റെയും നിർമാണം പുരോഗമിക്കുന്നു
പൂങ്കുന്നം- ചൂണ്ടൽ റോഡിന്റെ നിർമ്മാണം കിഫ്ബിയിൽ ഉൾപ്പെടുത്തി ഈ വർഷം തന്നെ ആരംഭിക്കും
62 കോടിയുടെ പീച്ചി-വാഴാനി ഇടനാഴി തൃശൂർ പട്ടണത്തിന്റെ വികസനത്തിനുള്ള പദ്ധതി
പുഴയ്ക്കലിൽ നിന്ന് ഈ റോഡിലേക്ക് കണക്‌ഷൻ റോഡ് നിർമിക്കാൻ മാസ്റ്റർപ്ലാൻ തയ്യാർ