തൃശൂർ: കോർപറേഷന്റെ ടാഗോർ സെന്റിനറി ഹാളിന്റെ കെട്ടിട നിർമ്മാണോദ്ഘാടനം കോൺഗ്രസ് ബഹിഷ്‌കരിച്ചു. എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്ന ടാഗോർ ഹാൾ പൊളിച്ച് കെട്ടിട നിർമ്മാണം നടത്തുന്നത് കോർപറേഷൻ കൗൺസിലിനെ അവഗണിച്ചാണെന്നാണ് ആരോപണം.
ജനാധിപത്യ മുനിസിപൽ നിയമങ്ങളെ ലംഘിച്ച് മെയിന്റനൻസ് മാത്രമുള്ള ഹാൾ പൊളിച്ച് 100 കോടി കടമെടുത്ത് 31 കോടി ചെലവഴിച്ച് ആറ് നിലകളിൽ 90,000 സ്‌ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന ഹാൾ കോടീശ്വരൻമാർക്ക് മാത്രമുള്ള മണിമാളികയാണെന്നും കോൺഗ്രസ് ആരോപിച്ചു. വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ പടിഞ്ഞാറെകോട്ടയിൽ നിന്ന് ഉദ്ഘാടന സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മാർച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി. പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫ്രാൻസീസ് ചാലിശ്ശേരി അദ്ധ്യക്ഷനായി. മുൻ മേയർ രാജൻ ജെ. പല്ലൻ, പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ. മുകുന്ദൻ, നഗരാസൂത്രണകാര്യ ചെയർപേഴ്സൺ സി.ബി. ഗീത എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ ടി.ആർ. സന്തോഷ്, പ്രിൻസി രാജു, വത്സല ബാബുരാജ്, എം.ആർ. റോസിലി, ഷീന ചന്ദ്രൻ, ജയ മുത്തി പീടിക, ജേക്കബ് പുലിക്കോട്ടിൽ, കെ.വി. ബൈജു, ജോർജ് ചാണ്ടി, പ്രസീജ ഗോപകുമാർ, ബിന്ദു കുട്ടൻ, ബി. ഗീത, സി.ജെ. വാറുണ്ണി, പി. രാധാകൃഷ്ണൻ, ടോം അരണാട്ടുകര, കെ. ഗോപാലകൃഷ്ണൻ, സി.ഡി. ആന്റസ് എന്നിവർ നേതൃത്വം നൽകി.