ചെറുതുരുത്തി: സമൂഹത്തിന്റെ മനസ്സറിഞ്ഞു പ്രവർത്തിക്കേണ്ട രണ്ടു വിഭാഗമാണ് ഭിഷഗ്വരന്മാരും കലാകാരന്മാരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ. വള്ളത്തോൾ ആരംഭിച്ച കേരള കലാമണ്ഡലത്തെ വിശ്വ പ്രസിദ്ധമാക്കി മാറ്റാൻ കലാമണ്ഡലത്തിലെ സാരഥികൾക്കായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ വള്ളത്തോൾ ജയന്തി, കലാമണ്ഡലം വാർഷികം, എന്നിവയുടെ ഉദ്ഘാടനവും എൻഡോവ്‌മെന്റ്, അവാർഡ് എന്നിവയുടെ സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അദ്ധ്യക്ഷനായി. രമ്യ ഹരിദാസ് എം.പി വിശിഷ്ഠാതിഥിയായും യു.ആർ. പ്രദീപ് എം.എൽ.എ മുഖ്യാതിഥിയായും പങ്കെടുത്തു. രജിസ്ട്രാർ ഡോ. ആർ.കെ. ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം കെ.പി. രാധാകൃഷ്ണൻ, ഭരണ സമിതി അംഗങ്ങളായ എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, എൻ.കെ. ഗീത, കലാമണ്ഡലം പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കോങ്ങാട് മധു, കലാമണ്ഡലം കുട്ടി നാരായണൻ, ചേലക്കര സൂര്യൻ, മച്ചാട് ഉണ്ണി നായർ തുടങ്ങിയവരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, മോഹിനിയാട്ടം, അച്ചനും മകളും ദൃശ്യാവിഷ്‌കാരം, പുലരും വരെ കഥകളി എന്നിവയും നടന്നു.