പാവറട്ടി: ജില്ലയിലെ മികച്ച സാമൂഹിക ആരോഗ്യകേന്ദ്രത്തിനുള്ള 'കായകൽപ്പം' അവാർഡിന് മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം അർഹത നേടി. ശുചീകരണ പ്രവർത്തനങ്ങൾ, ക്ലീനിംഗ്, അണു നശീകരണം, അടിസ്ഥാന സൗകര്യം എന്നിവയിലെ മികവാണ് മുല്ലശ്ശേരി സി.എച്ച്.സിയെ ജില്ലയിലെ മികച്ച കേന്ദ്രമാക്കിയതെന്ന് സൂപ്രണ്ട് ഡോ. കെ.ടി. സുജ കേരളകൗമുദിയോട് പറഞ്ഞു.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് ആവശ്യമായ പദ്ധതികൾ രൂപീകരിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ അടക്കമുള്ള കൃത്യതയാർന്ന ഇടപെടലും ജീവനക്കാരുടെ കൂട്ടായ പ്രവർത്തനവും പ്രധാനമായെന്ന് മുരളി പെരുനെല്ലി എം.എൽ.എ പറഞ്ഞു.
ഈ തിളക്കമാർന്ന മുന്നേറ്റം കൈവരിക്കുന്നതിന് പ്രയത്‌നിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാലിന്റ നേതൃത്വത്തിലുള്ള ഭരണസമിതിക്കും ആശുപത്രി സൂപ്രണ്ട് ഡോ. കെ.ടി. സുജയുടെ നേതൃത്വത്തിലുള്ള മുഴുവൻ ജീവനക്കാർക്കും മുരളി പെരുനെല്ലി എം.എൽ.എ എല്ലാവിധ ആശംസകളും അറിയിച്ചു.
ആശുപത്രി വികസനം
ആശുപത്രിയിലേക്ക് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചത് 14 ലക്ഷം രൂപ
12.5 ലക്ഷം ചെലവഴിച്ച് ഫുള്ളി ഓട്ടോ അനലൈസർ, ജനറേറ്റർ എന്നിവ സ്ഥാപിച്ചു
50 പേരുടെ രക്തം ഒരേ സമയം പരിശോധിക്കാവുന്നതാണ് ഫുള്ളി ഓട്ടോ അനലൈസർ
25 ലക്ഷം ചെലവിൽ 'ഡിജിറ്റൽ എക്‌സ് റേ ലാബിന് ' ഭരണാനുമതി, ടെൻഡർ തുടങ്ങി
ഡോക്ടർമാർക്കായി ക്വാർട്ടേഴ്‌സ് നിർമ്മാണത്തിന് 3 കോടിയുടെ പദ്ധതി വരുന്നു
ഇടപെടൽ തുടരും
സാധാരണക്കാർക്ക് അതിനൂതന ചികിത്സ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സഹായങ്ങളും ആശുപത്രിയിലേക്ക് എത്തുകയാണ്. എം.എൽ.എ എന്ന നിലയിൽ ആശുപത്രി വികസനത്തിനാവശ്യമായ എല്ലാ ഇടപെടലും ഇനിയും ഉണ്ടാകും.
- മുരളി പെരുനെല്ലി എം.എൽ.എ