ചേലക്കര: നിയോജക മണ്ഡലത്തിലെ വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയുടെ പുനരുദ്ധാരണത്തിന് അനുമതിയായെന്ന് യു.ആർ. പ്രദീപ് എം.എൽ.എ. പ്രളയത്തിൽ തകർന്ന റോഡുകൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണം ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ട്രാൻസ്‌പോർട്ട് പ്രൊജക്ടിനാണ് നിർമ്മാണച്ചുമതല.

വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ടെൻഡർ ക്ഷണിച്ചതനുസരിച്ച് ഹരിയാനയിലെ ഗൂർഗോണിലെ ലൂയിസ് ബർജർ കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി കരാറിലായിട്ടുണ്ട്. ആറു മാസത്തിനകം ഡി.പി.ആർ തയ്യാറാക്കി സമർപ്പിക്കും. 2020 മേയിൽ റോഡ് നിർമ്മാണം ടെൻഡർ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. 'ഒരു കിലോമീറ്റർ റോഡ് പുനരുദ്ധാരണം ചെയ്യുന്നതിന് ഏകദേശം അഞ്ച് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

2018ലെ പ്രളയത്തിൽ വാഴക്കോട് - പ്ലാഴി റോഡിന് കാര്യമായ നാശം സംഭവിച്ചിരുന്നു. റോഡ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണം ചെയ്യുന്നതിന് നടപടി ഉണ്ടാകണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് യു.ആർ. പ്രദീപ് എം.എൽ.എ അഭ്യർത്ഥിച്ചിരുന്നു. എൻജിനിയർമാർ പ്രാഥമിക പരിശോധന നടത്തി കഴിഞ്ഞ ഫെബ്രുവരിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 22.64 കിലോമീറ്റർ നീളം വരുന്ന റോഡ് റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

വാഴക്കോട് – പ്ലാഴി റോഡിന് വലിയ തോതിലുള്ള ഗതാഗത പ്രാധാന്യമാണ് ഉള്ളത്. റോഡ് പുനരുദ്ധാരണം പൂർത്തിയായാൽ ഗുരുവായൂർ, പൊന്നാനി, കുന്ദംകുളം, വടക്കാഞ്ചേരി, ഷൊർണൂർ എടപ്പാൾ തുടങ്ങിയ ഭാഗങ്ങളിലുള്ള വാഹനങ്ങൾക്കും യാത്രക്കാർക്കും ആലത്തൂർ, വടക്കഞ്ചേരി, ചിറ്റൂർ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നീ ഭാഗങ്ങളിലേക്ക് തൃശൂർ വടക്കഞ്ചേരി റോഡിലെ കുതിരാനിലെ കുരുക്ക് ഒഴിവാക്കികൊണ്ട് പോകാനും കഴിയും. നല്ല റോഡ് ഉണ്ടാകുന്നതോടുകൂടി വാഴക്കോട് മുതൽ പ്ലാഴി വരെയുള്ള റോഡിനിരുവശത്തും നിരവധി വ്യവസായ സ്ഥാപനങ്ങൾ ഉയർന്നുവരാനും സാദ്ധ്യതയുണ്ട്.

വാഴക്കോട് - പ്ലാഴി സംസ്ഥാന പാത

സംസ്ഥാന പാത നിർമ്മാണം ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിപ്രകാരം

കരാറെടുത്തത് ഹരിയാനയിലെ ലൂയിസ് ബർജർ കൺസൾട്ടിംഗ് കമ്പനി

പ്രകൃതിക്ഷോഭത്തെ അതിജീവിക്കുന്ന വിധമാകും പുതിയ റോഡ് നിർമ്മാണം

സാങ്കേതിക വിദ്യയും, അന്തരാഷ്ട്ര നിലവാരവും ഉറപ്പാക്കി പുനരുദ്ധാരണം

കൈയേറ്റം ഒഴിപ്പിച്ച് റോഡ് വീതികൂട്ടാനും പുനരുദ്ധാര പദ്ധതിയിൽ ശ്രമം

ഡ്രൈനേജ്, പാലം, ബസ് ബേ, ഫൂട്ട് പാത്ത്, ലൈറ്റ് എന്നിവ ഉറപ്പാക്കും

2020 മേയിൽ റോഡ് നിർമ്മാണം ടെൻഡർ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷ

ഒരു കിലോമീറ്റർ റോഡ് പുനരുദ്ധാരണത്തിന് ഏകദേശം അഞ്ച് കോടി രൂപ