മാള: ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റായി സി.ഡി ശ്രീലാലിനെ നിയമിച്ചു. ജില്ലാ പ്രസിഡന്റ് ആയിരുന്ന കെ.വി സദാനന്ദൻ ഒഴിഞ്ഞതിനെ തുടർന്നാണ് ശ്രീലാലിനെ നിയമിച്ചത്. കോട്ടയത്ത് നടന്ന സംസ്ഥാന സമിതിയാണ് സി.ഡി ശ്രീലാലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ശ്രീലാലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്. എസ്.എൻ.ഡി.പി മാള യൂണിയൻ സെക്രട്ടറി കൂടിയാണ്. നിലവിൽ ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി, കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് സംസ്ഥാന ട്രഷറർ, യോഗം ബോർഡ് മെമ്പർ, ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച സംഘാടകൻ കൂടിയായ സി.ഡി ശ്രീലാൽ ബി.ഡി.ജെ.എസിന്റെ തുടക്കം മുതൽ സജീവമായിരുന്നു. മികച്ച പ്രവർത്തനവും സംഘാടക മികവുമാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ ഇടയാക്കിയത്.
അന്നമനട പഞ്ചായത്തിലെ ആലത്തൂർ സ്വദേശിയാണ് ശ്രീലാൽ. ഭാര്യ: ദീപ. മക്കൾ: ശ്രീഹർഷ്, ശ്രീദേവി.