കൊടകര: വെള്ളിക്കുളങ്ങര, കോർമല പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷം. ദിവസവും രാത്രിയിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം വാഴകളും തെങ്ങും നശിപ്പിക്കുന്നത് പതിവാകുകയാണ്. സമീപത്തെ മലയിൽ നിന്നിറങ്ങുന്ന പന്നി, മാൻ, മയിൽ എന്നിവയും കാർഷിക വിളകൾക്ക് നാശമുണ്ടാക്കുന്നുണ്ട്. വെള്ളിക്കുളങ്ങര അറയ്ക്കപ്പറമ്പിൽ പോൾ, തോമസ്, ബൈജു എന്നിവരുടെ കൃഷികളാണ് ഏറെയും നശിപ്പിച്ചത്.
10 തെങ്ങുകളും, നൂറിൽ പരം വാഴയും നശിപ്പിച്ചതായി അറയ്ക്കപറമ്പിൽ പോൾ പറഞ്ഞു .റബർമരം തിന്നാനെത്തുന്ന മാനും, തെങ്ങ്, വാഴക്കുലകൾ എന്നിവ നശിപ്പിക്കുന്ന മലയണ്ണാനും കർഷകർക്ക് ദ്രോഹമാകുന്നുണ്ട്. മലയടിവാരത്തിൽ വന്യ ജീവി ശല്യത്തിന് പരിഹാരമായി വർഷങ്ങൾക്ക് മുൻപ് നിർമിച്ച സോളാർ വേലി തകർന്നതും, കിടങ്ങുകൾ മണ്ണൊലിച്ച് നികന്നതും മൂലമാണ് വന്യജീവികൾക്ക് അനായാസമായി നാട്ടിലേക്കിറങ്ങാൻ സാധിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.