hospital
ഫോട്ടോ - എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീതീ നിർവ്വഹിക്കുന്നു.

എരുമപ്പെട്ടി: എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തെ മികച്ച ആശുപത്രികളിലൊന്നാക്കി മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. എരുമപ്പെട്ടി വടക്കാഞ്ചേരി ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.10 കോടി ചെലവഴിച്ച് നിർമ്മിച്ച കിടത്തി ചികിത്സ വാർഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തെ പടിപടിയായി ഉയത്തും. നബാർഡിന്റെ സഹകരണത്തോടെ 7.20 കോടി മുടക്കി ഹൈടെക് ആശുപത്രി നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

ആശുപത്രിക്കാവശ്യമായ ആംബുലൻസ് ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ബ്ലോക്ക് പ്രസിഡന്റ് എസ്. ബസന്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി സുനിത, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ബുഷറ ബഷീർ, മെമ്പർ എ.കെ സുരേന്ദ്രൻ, പഞ്ചായത്ത് മെമ്പർ റോസി പോൾ, അസിസ്റ്റന്റ് ഡി.എം.ഒ ഡോ. മിനി, ഡി.പി.എം ടി.വി സതീശൻ, ആശുപത്രി സൂപ്രണ്ട് എൻ. രശ്മി തുടങ്ങിയവർ പങ്കെടുത്തു.

മൊയ്തീനെ യു.ഡി.എഫ് ബഹിഷ്‌കരിച്ചു

എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിൽ മന്ത്രി എ.സി മൊയ്തീൻ പങ്കെടുത്ത ഉദ്ഘാടന ചടങ്ങുകൾ യു.ഡി.എഫും കോൺഗ്രസ് ജനപ്രതിനിധികളും ബഹിഷ്‌കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മീനാ ശലമോൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ സി.പി.എമ്മിന്റെ നിർദ്ദേശപ്രകാരം കള്ളക്കേസിൽ കുടുക്കാൻ മന്ത്രി എ.സി മൊയ്തീൻ ഇടപെട്ടുവെന്ന് ആരോപിച്ചാണ് എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെയും മുട്ടിക്കൽ അങ്കണവാടി കെട്ടിടത്തിന്റെയും കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനച്ചടങ്ങിൽ നിന്ന് യു.ഡി.എഫ് നേതാക്കളും പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിട്ട് നിന്നത്. ഉദ്ഘാടന ചടങ്ങുകളിൽ സ്ഥലം എം.പിയായ രമ്യ ഹരിദാസിനെ ഉൾപ്പെടുത്താത്തതിലും പഞ്ചായത്ത് പ്രസിഡന്റിന് മാന്യമായ സ്ഥാനം നൽകാതെ ആശംസകളിൽ മാത്രമാക്കി അപമാനിച്ചതിലും പ്രതിഷേധിച്ചാണ് ബഹിഷ്‌കരണമെന്നും യു.ഡി.എഫ് അറിയിച്ചു.

വികസന പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നത്

ജനവിരുദ്ധ പ്രവർത്തനമെന്നും മന്ത്രി

എരുമപ്പെട്ടി: എരുമപ്പെട്ടി സർക്കാർ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വിട്ട് നിന്നതിനെതിരെ മന്ത്രി എ.സി മൊയ്തീന്റെ രൂക്ഷ വിമർശനം. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച് വികസന പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പറഞ്ഞ മന്ത്രി ജനപ്രതിനിധികളെ താൻ കേസിൽ കുടുക്കാൻ കൂട്ടു നിന്നുവെന്നത് തെറ്റായ പ്രചരണമാണെന്നും അറിയിച്ചു. മാലിന്യ സംഭരണ കേന്ദ്ര വിഷയവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ താൻ ഒരു വിധത്തിലുമുള്ള ഇടപെടലും നടത്തിയിട്ടില്ല. മന്ത്രിയുടെ പണി കേസെടുപ്പിക്കലല്ലെന്നും മന്ത്രി അറിയിച്ചു.