തൃശൂർ: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് അരവിന്ദന്റെ മൃതദേഹം ബന്ധുക്കൾക്ക് തിരിച്ചറിയാനായില്ല. തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായതാണ് കാരണം.
അതേസമയം അരവിന്ദൻ വെടിയേറ്റു മരിച്ച് കിടക്കുന്ന ചിത്രങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ചിത്രത്തിൽ കാണുന്നയാൾ അരവിന്ദൻ തന്നെയാണെന്ന് ബന്ധുക്കൾ അറിയിച്ചു. എട്ടുവർഷം മുമ്പ് വീടുവിട്ടുപോയ ചെന്നൈ സ്വദേശി കേശവൻ എന്നു വിളിക്കുന്ന ശ്രീനിവാസനാണ് അരവിന്ദൻ എന്ന പേരിൽ മാവോയിസ്റ്റായതെന്നാണ് നിഗമനം. മണിവാസകത്തിന്റെ മൃതദേഹമാണ് കൃത്യമായി തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞത്. മോർച്ചറിയിലുള്ള മറ്റൊരു മൃതദേഹം കാർത്തികിന്റേതാണെന്ന വിശ്വാസത്തിലാണ് പൊലീസ്. പക്ഷെ, ബന്ധുക്കൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്ച കോടതി ഉത്തരവുമായെത്തിയ കാർത്തികിന്റെ സഹോദരൻ മുരുകേശൻ മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രമയെന്ന പേരിലുള്ള സ്ത്രീയാണ് ഇവരെന്നാണ് പൊലീസ് നിഗമനം.