കൊടുങ്ങല്ലൂർ: മുസ്ലിം ജമാഅത്ത് കൊടുങ്ങല്ലൂർ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുന്നി പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നവം. 12 ന് വിപുലമായ മിലാദ് കോൺഫറൻസ് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. തിരുനബി കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എസ്.എസ്.എഫ് ദേശീയ സെക്രട്ടറി ഡോ. പി. എ മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തും. സമസ്ത ജില്ലാ സെക്രട്ടറി പി.എസ്.കെ മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്യും.
കേരള മുസ്ലിം ജമാ അത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ, അബ്ദുൽ ഹമീദ് ബാഖവി, പി.എം.എസ് തങ്ങൾ എന്നിവർ പ്രസംഗിക്കും. വൈകീട്ട് നാലിന് ടൗൺ ഹാളിൽ നടക്കുന്ന ഗ്രാൻഡ് മൗലിദ് മജ്‌ലിസിന് സയ്യിദന്മാർ, മുദരിസുമാർ , പണ്ഡിതന്മാർ , മഹല്ല് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും. നിർദ്ധനരായ നിത്യരോഗികൾക്ക് മെഡിക്കൽ കാർഡ് വിതരണം, കിടപ്പിലായ രോഗികൾക്ക് ശയനോപകരണ വിതരണം, ഗവൺമെന്റ് ഹോസ്പിറ്റലിൽ ഭക്ഷണ വിതരണം, വൃക്ഷത്തൈ നടൽ, അടുക്കളത്തോട്ടം, ട്രാഫിക് ബോധവത്കരണം, ലഹരിവിമുക്ത ബോധവത്കരണം തുടങ്ങിയവ നടക്കും.
ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമായും പാലിച്ചു കൊണ്ടായിരിക്കും നബിദിന പരിപാടികൾ നടത്തപ്പെടുകയെന്നും യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും മാർഗ്ഗ തടസ്സം ഇല്ലാതെ ആയിരിക്കും ഘോഷയാത്രകൾ നടക്കുകയെന്നും ഇവർ കൂട്ടിച്ചേർത്തു. സ്വാഗതസംഘം ജനറൽ കൺവീനർ ഷമീർ എറിയാട്, ഭാരവാഹികളായ അബ്ദുൽ ഹമീദ് ബാഖവി, പി.എച്ച് സുലൈമാൻ ഹാജി, പി.ബി അബ്ദു ഹാജി, ഒ.എം അബ്ദുൽ മജീദ്, കെ.എ ആസാദ്, അഡ്വ. വി.എം മുഹിയുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.