gvr-news-vyapari-samithi-
വ്യാപാരി വ്യവസായി സമിതി ജില്ലാസമ്മേളനം കെ.യു അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: പ്രളയത്തെ തുടർന്ന് കേരളത്തിലെ വ്യാപാരികൾക്ക് സർക്കാർ നിർദേശിച്ച വായ്പാ പദ്ധതി അനുവദിക്കുന്നതിലുള്ള ബാങ്കുകളുടെ തടസ്സവാദം ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വ്യാപാരികൾക്കും 1500 രൂപ പെൻഷൻ ഏർപ്പെടുത്തുക, തീരദേശ ദേശീയ പാതയുടെയും മണ്ണുത്തി ദേശീയ പാതയുടെയും ശോചനീയാവസ്ഥയ്ക്കു പരിഹാരം കാണുക, ഗുരുവായൂർ അഴുക്കുചാൽ പദ്ധതി ഉടൻ കമ്മിഷൻ ചെയ്യുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

സമ്മേളനം കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ഡോ. പി.കെ. ബിജു കായിക പ്രതിഭകളെ ആദരിച്ചു. പ്രസിഡന്റ് ജോസ് തെക്കേത്തല അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ ബെന്നി ഇമ്മട്ടി സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.എം. ലെനിൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മിൽട്ടൺ തലക്കോട്ടൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജോഫി കുര്യൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ, ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാൻ കെ.പി. വിനോദ്, കുമാരി ബാലൻ, സി.കെ. ജലീൽ, എസ്. ദിനേശ് എന്നിവർ സംസാരിച്ചു. കെ.എം. ലെനിൻ സ്വാഗതവും ബാബു ആന്റണി നന്ദിയും പറഞ്ഞു.