മഹല്ലിലെ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത്

കൊടുങ്ങല്ലൂർ: ഇന്ത്യയിലെ ആദ്യ മുസ്ളീം ദേവാലയമായ ചേരമാൻ ജുമാ മസ്ജിദിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നിർവഹിക്കാനിരിക്കെ മഹല്ല് ഭാരവാഹികൾക്കെതിരെ മഹല്ലിലെ ഒരു വിഭാഗം രംഗത്തെത്തി. പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനത്തിന് മതിയായ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചതിന്റെ രേഖകൾ ഹാജരാക്കിയും ഈ ആവശ്യം ആംഗീകരിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടി മഹല്ല് അംഗങ്ങളായ നാസർ പടിയത്ത്, റഫീക്ക് നടുവിവീട്ടിൽ, അബ്ദുൾ ഗഫൂർ പടിഞ്ഞാറെവീട്ടിൽ, റാഫി വെട്ടത്തിപറമ്പിൽ എന്നിവർ പത്രസമ്മേളനം നടത്തിയത്.

തങ്ങളുടെ ആരാധനാലയം പൊളിക്കും മുമ്പ് ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും മഹല്ല് നിവാസികളെ അറിയിക്കണമെന്നും പുനർ നിർമ്മാണ പ്രവർത്തനം തടയണമെന്നും ആവശ്യപ്പെട്ട് നേരത്തെ വഖഫ് ബോർഡിനെ സമീപിച്ച് സ്റ്റേ ഉത്തരവ് സമ്പാദിച്ച ഇവർ, മസ്ജിദ് പുനർനിർമ്മാണ ഉദ്ഘാടന വേദിയിയിൽ മതനേതാക്കളെ പങ്കെടുപ്പിക്കാത്തതിൽ അമർഷം പ്രകടിപ്പിച്ചു. സ്റ്റേ ഉത്തരവ് നീക്കം ചെയ്യപ്പെട്ടത് ശരിയായ നടപടിക്രമം പാലിച്ചല്ലെന്നാണ് ഇവർ ആരോപിക്കുന്നത്.

മസ്ജിദിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിച്ച അണ്ടർഗ്രൗണ്ട് സംവിധാനത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിലും എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുള്ളത് സംബന്ധിച്ചും വ്യക്തതയില്ലെന്നും ഇതെല്ലാം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് മഹല്ലിലെ അറുന്നൂറോളം അംഗങ്ങൾ ഒപ്പിട്ട് നൽകിയ ഭീമഹർജി പരിഗണിക്കാൻ പോലും മഹല്ല് കമ്മിറ്റി തയ്യാറായിട്ടില്ലെന്നതാണ് തങ്ങളുടെ എതിർപ്പിന് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്.