jaya-iranikkulam
മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ജയയും കുഞ്ഞും

മാള: കിണറിനോടും വീടിനോടും ചേർന്നുള്ള മണ്ണിടിച്ചിൽ ഭീഷണി ഒരു കുടുബത്തിന്റെ ഉറക്കം കെടുത്തുന്നു. കുഴൂർ പഞ്ചായത്തിലെ ഐരാണിക്കുളം പതിനാലാം വാർഡിൽ താമസിക്കുന്ന ചക്കുങ്ങൽ ഉണ്ണിക്കൃഷ്ണനും കുടുംബത്തിനുമാണ് മണ്ണിടിച്ചിൽ ഭീഷണിയാകുന്നത്. വർഷങ്ങൾക്ക് മുമ്പ് ഈ സ്ഥലത്തോട് ചേർന്ന് മണ്ണെടുത്ത ഭാഗത്തേക്കാണ് ഓരോ വർഷവും മണ്ണ് ഇടിയുന്നത്.

ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഉണ്ണിക്കൃഷ്ണന്റെ ഭാര്യ ജയ പറയുന്നു. ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്തിലെ വീടും കാലിത്തൊഴുത്തും കിണറും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഈ വീട്ടിൽ ഇവർ അഞ്ച് വർഷമായി താമസിക്കുന്നു. ഈ മേഖലയിൽ നിരവധി സ്ഥലങ്ങളിൽ അടുത്തിടെ വരെ മണ്ണെടുപ്പ് ഉണ്ടായിരുന്നു. ഇവരുടെ സ്ഥലത്തോട് ചേർന്നുള്ള സ്ഥലത്ത് നിന്ന് വീട് നിർമ്മിക്കുന്നതിന് മുൻപ് തന്നെ മണ്ണെടുത്തിട്ടുണ്ടായിരുന്നു.

മണ്ണെടുത്ത സ്ഥലത്ത് സംരക്ഷണ ഭിത്തി കെട്ടണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഈ വിഷയത്തിൽ പഞ്ചായത്ത്, റവന്യൂ അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും പരിഹാരം ഉണ്ടായിട്ടില്ലെന്ന് ജയ പറഞ്ഞു. ഭീതിയില്ലാതെ ജീവിക്കാൻ ഇനി എന്തുചെയ്യണമെന്ന് ഇവർക്ക് നിശ്ചയമില്ലാത്ത അവസ്ഥയാണ്. വീട് വാങ്ങി അഞ്ച് വർഷം മുമ്പാണ് ഇവർ താമസിച്ചത്. കിണറിനോട് ചേർന്നുള്ള മണ്ണിടിച്ചിൽ കാരണം ഇവരുടെ കുഞ്ഞിന്റെ കാര്യത്തിലും ആശങ്കയുണ്ട്. ഭീതിയില്ലാതെ ജീവിക്കാൻ സംരക്ഷണം ഉറപ്പാക്കാൻ ഇനി ഏതു വാതിലിൽ മുട്ടണമെന്ന ചോദ്യമാണ് ഇവർക്ക് മുന്നിലുള്ളത്...