jilla-thala-kannukautty-p
ജില്ലാതല കന്നുകുട്ടി പ്രദർശനവും കാഫ് റാലി കർഷക സെമിനാറും പെരിഞ്ഞനം വി.കെ ഗോപാലൻ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം: അഞ്ച് വർഷമായി കേരളത്തിൽ കന്നുകാലികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നുവെന്നും, സർക്കാരിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഇടപെടലുകൾ കൊണ്ട് രണ്ട് ശതമാനം വർദ്ധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി കെ. രാജു പറഞ്ഞു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലാതല കന്നുകുട്ടി പ്രദർശനവും കാഫ് റാലി സെമിനാറും പെരിഞ്ഞനം വി.കെ. ഗോപാലൻ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീടുകളിൽ കന്നുകാലികളും, കോഴികളും താറാവുകളും നിറഞ്ഞ ആ പഴയ സംസ്‌കാരവും , പാരമ്പര്യവും തിരിച്ചുകൊണ്ടുവരണമെന്നും, പാലിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ എം.കെ. പ്രസാദ് പദ്ധതി വിശദീകരിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി മുഖ്യാതിഥിയായി. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത്, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം ബി.ജി. വിഷ്ണു, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ എം.കെ ഗിരിജ, പെരിഞ്ഞനം പഞ്ചായത്ത് സെക്രട്ടറി വി.എം നടേശൻ, എസ്.എൽ.പി.ബി ഡോ. കെ.പി. പ്രീത, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി ശിൽപ്പശാലയും നടന്നു. ആടുവളർത്തൽ സാറ്റലൈറ്റ് യൂണിറ്റിന്റെ ഉദ്ഘാടനവും താങ്ങുപലിശ സഹായ പദ്ധതി വിതരണവും കന്നുകാലി പ്രദർശനത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.