തൃശൂർ: പ്രവാസജീവിതം നയിക്കുമ്പോഴും സ്വന്തം നാടിന്റെ പുരോഗതിക്കായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സി.കെ മേനോൻ, പ്രവാസി വ്യവസായിയെന്ന നിലയിൽ ഉന്നതിയിൽ പ്രവർത്തിക്കുമ്പോഴും ബഹുമുഖ ഉത്തരവാദിത്തം കൃത്യതയോടെ ഏറ്റെടുത്ത് നടപ്പാക്കിയ വ്യക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഡ്വ.സി.കെ മേനോൻ അനുസ്മരണ വേദി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇങ്ങനെയൊരു മനുഷ്യന്റെ നഷ്ടം നാടിന്റെയും ജനതയുടെയും നഷ്ടമാണ്.
അദ്ദേഹം ഒരിക്കലും സ്വന്തം കുടുംബവും വ്യവസായവും മാത്രമല്ല നോക്കിയത്. സ്വന്തം നാടിനെ കുറിച്ചുള്ള കരുതൽ മനസ് നിറയെ ഉണ്ടായിരുന്നു. ഉയർന്ന മനുഷ്യത്വവും സഹജീവി സ്‌നേഹവും സമൂഹത്തോട് കരുണയും അവസാനം വരെ പ്രകടിപ്പിച്ചു. നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായുള്ള ഏതൊരു സംരംഭത്തോടും സഹകരിക്കാൻ അദ്ദേഹത്തിന് സന്തോഷം മാത്രമേ ഉണ്ടായുള്ളൂ. നോർക്കയ്ക്കും ലോകത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ നന്ദിയോടെ സ്മരിക്കുന്നു. ലാഭത്തിനല്ല, സൗഹൃദ വ്യാപനത്തിനായാണ് ബിസിനസ് എന്ന് അദ്ദേഹം വിശ്വസിച്ചു.
ദക്ഷിണാഫ്രിക്കയിലും അമേരിക്കയിലും സുഡാനിലുമെല്ലാം ആ ബിസിനസ് സാമ്രാജ്യം വളർന്നു പന്തലിക്കുമ്പോഴും മനുഷ്യസ്നേഹം ഒരിക്കലും അദ്ദേഹം കൈവിട്ടില്ല. പണത്തിന്റെ വലിയ പങ്ക് സാധാരണക്കാരിൽ സാധാരണക്കാരായവർക്ക് പങ്കിട്ടു. ഇറാഖിലെ നഴ്സുമാരുടെ പ്രശ്നങ്ങളിലും സൗദിയിൽ വധശിക്ഷ വിധിച്ചവരുടെ കാര്യത്തിലും ഇടപെട്ടത് നന്ദിയോടെ ഓർക്കേണ്ടതുണ്ട്. വികസനപ്രക്രിയകളിൽ ക്രിയാത്മകമായി ഇടപെട്ട അദ്ദേഹവുമായി തനിക്ക് ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നുവെന്ന് അഭിമാനത്തോടെ ഓർക്കുന്നു. വിനയം, മനുഷ്യസ്‌നേഹം എന്നിവ എല്ലായ്പ്പോഴും അദ്ദേഹത്തിൽ നിറഞ്ഞുനിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.