കുന്നംകുളം ആശുപത്രി അധികൃതരുടെ നടപടിയിൽ പ്രതിഷേധം, പ്രതിരോധപ്രവർത്തനം ഊർജിതമല്ല
കുന്നംകുളം: എലിപ്പനി ബാധിച്ച് വൃദ്ധ മരിച്ചിട്ടും ആരോഗ്യവിഭാഗം വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഇതേത്തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. അടുപ്പൂട്ടിക്കുന്ന് മുപ്പതു വീട്ടിൽ പരേതനായ വടക്കേക്കളത്തിൽ വേലായുധൻ ഭാര്യ ശാരദ (56) ആണ് ഇന്നലെ രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ എലിപ്പനി ബാധിച്ചു മരിച്ചത്.
ഒരാഴ്ചയായി പനിമൂലം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടെ രോഗം മൂർച്ഛിച്ചു വ്യാഴാഴ്ച ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ആശുപത്രി അധികൃതർ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇവർക്ക് എലിപ്പനിയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെയോടെ മരിച്ചു.
ഒരാഴ്ചയോളം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിട്ടും ഇവർക്ക് എലിപ്പനി ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർക്കു കണ്ടെത്താനായില്ലെന്നത് ഗുരുതര വീഴ്ചയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. മരണവിവരം അറിഞ്ഞിട്ടും കുന്നംകുളം ആരോഗ്യ വിഭാഗം അധികൃതർ പ്രദേശം സന്ദർശിക്കുകയോ പകർച്ച വ്യാധി തടയാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെന്ന് മുനിസിപ്പൽ കൗൺസിലർ ഷാജി ആലിക്കൽ കുറ്റപ്പെടുത്തി.
നിരവധി ആളുകൾ തിങ്ങി താമസിക്കുന്ന പ്രദേശത്തു ധാരാളം സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതായി പ്രദേശവാസികാൾ പറയുന്നു. എന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ ഇവർ ഭീതിയിലാണ്. മരിച്ച ശാരദയുടെ മൃതദേഹം ഇന്നലെ വൈകീട്ട് സംസ്‌കരിച്ചു. സുജിത, പ്രദീപ് എന്നിവരാണ് മക്കൾ.