gvr-eakadasi-sbi-vilakku-
ഗുരുവായൂർ ക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് വിളക്കിന്റെ ഭാഗമായി പഞ്ചവാദ്യത്തോടെ നടന്ന കാഴ്ച ശീവേലി

ഗുരുവായൂർ: ആഘോഷപ്രഭ വിതറി എസ്.ബി.ഐ വിളക്കാഘോഷിച്ചു. ഏകാദശിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്കിന്റെ 34-ാമത് വിളക്കാഘോഷമായിരുന്നു ഇന്നലെ. സമ്പൂർണ നെയ് വിളക്കായാണ് വിളക്കാഘോഷം നടന്നത്. രാവിലെ ക്ഷേത്രത്തിൽ കാഴ്ചശീവേലിക്ക് പഞ്ചാരിമേളം കിഴക്കൂട്ട് അനിയൻ മാരാർ നയിച്ചു. തിരുവല്ല രാധാകൃഷ്ണനും ഗുരുവായൂർ ഗോപനും സഹപ്രമാണിമാരായി. ഉച്ചതിരിഞ്ഞ് എഴുന്നള്ളിപ്പിന് കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ പ്രമാണത്തിൽ പഞ്ചവാദ്യമായിരുന്നു അകമ്പടി. രാത്രി വിളക്കെഴുന്നള്ളിപ്പിനും പഞ്ചവാദ്യമുണ്ടായി.

ഗുരുവായൂർ മുരളിയുടെ നാഗസ്വരവും കാർത്തിക് ജെ. മാരാരുടെ തായമ്പകയും ഉണ്ടായി. മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ മുതൽ കലാപരിപാടികൾ അരങ്ങേറി. ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ് ഭദ്രദീപം തെളിച്ചു. രാത്രി പിന്നണി ഗായകൻ ബിജു നാരായണന്റെ ഭക്തിഗാനമേളയുണ്ടായി. ഇന്ന് ക്ഷേത്രം അവകാശികളായ പത്തുകാരുടെ വക വിളക്കാഘോഷമാണ്. രാവിലെയും ഉച്ചതിരിഞ്ഞുമുള്ള കാഴ്ച ശീവേലിക്ക് ചൊവ്വല്ലൂർ മോഹനന്റെ പ്രമാണത്തിൽ മേളം അകമ്പടിയാകും. മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ ആറരയ്ക്ക് തുടങ്ങുന്ന വിവിധ കലാപരിപാടികൾ രാത്രി 11.30 വരെ നീണ്ടു നിൽക്കും. നാളെ പോസ്റ്റൽ ജീവനക്കാരുടെ വിളക്കാഘോഷമാണ്.