ചാലക്കുടി: ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാർമ്മൽ സ്‌കൂൾ സ്റ്റേഡിയത്തിൽ നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ കായികമേളയ്ക്ക് ഒരുക്കങ്ങൾ പൂർണം. ആദ്യ ദിവസമായ തിങ്കളാഴ്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിലാണ് ത്രോ മത്സരങ്ങൾ നടക്കുക. പാല കായികമേളയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷ ഒരുക്കിയാണ് ജില്ലാ മേള നടക്കുന്നത്.

ത്രോ മത്സരങ്ങളും, ഹൈജംപ് മത്സരങ്ങളും ഇരിങ്ങാലക്കുടയിലാകും നടക്കുക. ബാക്കി മത്സരങ്ങൾ 12, 13 തീയതികളിലായി ചാലക്കുടിയിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയാകുമ്പോഴും മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് സംഘാടകർ. ഭീതി വിതച്ച് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മഴ പെയ്തിരുന്നു.

കഴിഞ്ഞയാഴ്ചയിലെ ഉപജില്ലാ മത്സരങ്ങളുടെ നടത്തിപ്പിനെ മഴ തകിടം മറിച്ചിരുന്നു. 12 ഉപജില്ലകളിൽ നിന്നായി 2500ഓളം വിദ്യാർത്ഥികളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. 12ന് രാവിലെ പത്തിന് മേളയുടെ ഔപചാരിക ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിക്കും. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയാകും.