ചാലക്കുടി: കുറ്റിക്കാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് ഭരണസമിതിയിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ 67 ശതമാനം പോളിംഗ്. 15,761 ഓഹരി ഉടമകളിൽ 10,534 പേർ വോട്ട് ചെയ്യാനെത്തി. കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്‌കൂൾ, കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ രണ്ടിടത്തായി രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെയായിരുന്നു പോളിംഗ്. കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്.

72 വർഷത്തെ പാരമ്പര്യമുള്ള ബാങ്കിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വീറും വാശിയും പ്രചരണവും നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പ്. 49 സ്ഥാനാർത്ഥികളും 80 സെന്റീമീറ്റർ നീളം വരുന്ന ബാലറ്റ് പേപ്പർ എന്നിവയെല്ലാം തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയയായിരുന്നു. നിലവിലെ പ്രസിഡന്റ് എം.സി. ആന്റണി മാസ്റ്റർ നയിക്കുന്ന എൽ.ഡി.എഫ് പാനലും യു.ഡി.എഫിന്റെ പാനലും തമ്മിലായിരുന്നു പ്രധാന മത്സരം. ബി.ജെ.പിയുടെ ആറംഗ പാനലും മത്സരിച്ചു. തിങ്കളാഴ്ച ബാങ്കിൽ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.