തൃശൂർ: ജനങ്ങളെ ശത്രുവായി കാണുന്ന പൊലീസിന്റെ സമീപനം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പൊലീസ് സേനയിൽ നേരിട്ട് സബ് ഇൻസ്‌പെക്ടർമാരാകുന്ന വനിതകൾ ഉൾപ്പെട്ട ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മടിയും ഭയവും ഇല്ലാതെ പൊലീസ് സ്റ്റേഷനിൽ കടന്നു ചെല്ലാനും പരാതി ബോധിപ്പിക്കാനും കഴിയുന്ന സാഹചര്യമുണ്ടാകണം.
പുതിയൊരു എസ്.ഐ വന്നിരിക്കുന്നുവെന്ന് നാട്ടുകാരെ അറിയിക്കാനായി അനാവശ്യമായി ആളുകളുടെ മെക്കിട്ടു കയറുക, കലുങ്കിലിരിക്കുന്ന ചെറുപ്പക്കാരെ തല്ലിയോടിക്കുക തുടങ്ങിയവ പാടില്ല. ജനങ്ങളാണ് യജമാനന്മാരെന്ന ഓർമ്മ വേണം.
ജനങ്ങളെ സഹായിക്കുക, ഒപ്പം നിൽക്കുക, വിശ്വാസമാർജിക്കുക എന്നിവ പ്രധാനമാണ്.
നിയമപരമായ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല. നിയമം നടപ്പിലാക്കുന്നതിന് മുഖം നോക്കേണ്ട കാര്യമില്ല. പക്ഷഭേദമന്യേ കാര്യങ്ങൾ നടത്തണം. പാവപ്പെട്ടവർക്ക് നീതി നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
121 എസ്.ഐ ട്രെയിനികളിൽ 37 വനിതകളാണുള്ളത്. ബെസ്റ്റ് ഇൻഡോർ കാഡറ്റ് വി.എ. ആദർശ്, ബെസ്റ്റ് ഷൂട്ടർ ദീപു എസ്.എസ്, ബെസ്റ്റ് ഇൻഡോർ ആർ.പി. സുജിത്, സിൻസിയറിറ്റി ആൻഡ് ഡെഡിക്കേഷന് എസ്. ഗീതുമോൾ, ബെസ്റ്റ് കാഡറ്റ് എം. പ്രദീപ് എന്നിവർക്ക് മുഖ്യമന്ത്രി ട്രോഫി സമ്മാനിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊലീസ് അക്കാഡമി ഡയറക്ടർ ഡോ. ബി. സന്ധ്യ, മേയർ അജിത വിജയൻ തുടങ്ങിയവർ പങ്കെടുത്തു.