വടക്കാഞ്ചേരി: നഗരസഭ പ്രീഫാബ് ടെക്‌നോളജിയിൽ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് ജി.എഫ്.ആർ.ജി പാനൽ ഉപയോഗിച്ചുള്ള ഭിത്തിയുടെ നിർമ്മാണം ആരംഭിച്ചു. ആദ്യ ജി.എഫ്.ആർ.ജി പാനൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ സ്ഥാപിച്ചു. പ്രളയാനന്തര കേരളത്തിൽ നിർമ്മാണ രംഗത്ത് പരിസ്ഥിതി സൗഹൃദമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കല്ലും മണലും ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് മാത്രമേ ഉറപ്പ് ഉണ്ടാകൂ എന്ന ധാരണ തിരുത്താൻ നമ്മൾ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആദ്യമായാണ് ഓഫീസിന് വേണ്ടി പ്രീഫാബ് ടെക്‌നോളജി ഉപയോഗിക്കുന്നത്. പ്രീഫാബ് കെട്ടിടങ്ങൾക്ക് പരമ്പരാഗത കേന്ദ്രങ്ങളെ അപേക്ഷിച്ച് ചൂട് കുറവും വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുന്നതുമാണ്. അഞ്ച് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടം മൂന്നുമാസം കൊണ്ട് പൂർത്തീകരിക്കും. വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.കെ. പ്രമോദ് കുമാർ. എം.ആർ. സോമൻ നാരായണൻ, കൗൺസിലർമാരായ സിന്ധു സുബ്രമണ്യൻ, പി.ആർ. അരവിന്ദാക്ഷൻ, പി.കെ. സദാശിവൻ, വി.പി. മധു, എൻ.എസ്. മനോജ്, സുരേന്ദ്രൻ, കെ.വി. ജോസ് , ടി.വി. സണ്ണി , എഫ്.ആർ.ബി.എൽ എൻജിനിയർ രാധാകൃഷ്ണൻ, മുനിസിപ്പൽ എൻജിനിയർ മഹേന്ദ്രൻ എന്നിവർ മന്ത്രിയോട് ഒപ്പമുണ്ടായിരുന്നു.
ജി.എഫ്.ആർ.ജി പാനൽ കൊണ്ടുള്ള നിർമ്മാണം
ഗ്ലാസ് ഫൈബർ റീഎൻഫോഴ്‌സ്ഡ് ജിപ്‌സം പാനൽ അതിവേഗ ഭിത്തിനിർമാണത്തിന് ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ പ്രീ ഫാബ്രിക്കേറ്റഡ് ലോഡ് ബെയറിംഗ് പാനലുകളാണ്. ജി.എഫ്.ആർ.ജി ജിപ്‌സം, ഗ്ലാസ് ഫൈബർ എന്നിവ കൂട്ടിച്ചേർത്താണ് പാനൽ നിർമിക്കുന്നത്. ഓസ്‌ട്രേലിയൻ ടെക്‌നോളജി ഉപയോഗിച്ച് അമ്പലമുകളിലെ എഫ്.എ.സി.ടി. നിർമാണശാലയിലാണ് ജി.എഫ്.ആർ.ജി. പാനലുകൾ നിർമിക്കുന്നത്.
സാധാരണനിലയിൽ 12 അടി നീളം, 3 അടി വീതിയിലാണ് പാനൽ ലഭിക്കുക. ചതുരശ്രയടിക്ക് 1,000 രൂപ നിരക്കിലാണ് വില. 12x3 വലിപ്പത്തിലുള്ള പാനലിന് 36,000 രൂപയോളം വില വരും. 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന്റെ മേൽക്കൂരയും ഭിത്തിയും നിർമിക്കാൻ ഇത്തരത്തിലുള്ള 10 പാനൽ മതിയാകും. സാധാരണ നിലയിൽ നിർമിക്കുന്ന വീടുകളെ അപേക്ഷിച്ച് ചെലവ് പകുതിയോളം ചുരുക്കാമെന്നതാണ് മെച്ചം.
12x3 വലുപ്പമുള്ള പാനലിന്റെ ഭാരം 1.6 മെട്രിക് ടൺ മാത്രം. അഞ്ച് ഇഞ്ചാണ് കനം. എന്നാൽ, ഈ അളവിലുള്ള കോൺക്രീറ്റ് പാനലിന് ഒമ്പത് ഇഞ്ച് കനവും 10 മെട്രിക് ടൺ ഭാരവും ഉണ്ടായിരിക്കും. ഇഷ്ടികയും മറ്റും ഉപയോഗിച്ച് നിർമിക്കുന്ന വീടുകളെപ്പോലെതന്നെ ഭാരം താങ്ങാൻ കഴിവുള്ള ഇവയിൽ ഈർപ്പം, ചിതൽ എന്നിവ ബാധിക്കില്ല.