തൃശൂർ : മാവോയിസ്റ്റുകളുടെ മൃതദേഹം മോർച്ചറിയിലെത്തിയിട്ട് രണ്ടാഴ്ചയാകുമ്പോൾ മൃതദേഹം അഴുകാനാരംഭിച്ചതോടെ യഥാർത്ഥ ബന്ധുക്കളെത്തിയാലും തിരിച്ചറിയാനാകാത്ത വിധം രൂപമാറ്റം സംഭവിച്ചെന്ന് സൂചന. മുഖം വികൃതമായതോടെ തിരിച്ചറിയൽ പ്രക്രിയ സങ്കീർണ്ണമായി. കൊല്ലപ്പെട്ട അരവിന്ദൻ, കാർത്തി എന്നിവരുടെ ബന്ധുക്കളാണെന്ന് പറഞ്ഞ് എത്തിയവർക്കൊന്നും മൃതദേഹം തിരിച്ചറിയറിയാനായില്ല. കഴിഞ്ഞ ദിവസം അരവിന്ദന്റെ ബന്ധുവെന്ന് പറഞ്ഞ് നാലു പേരാണ് എത്തിയത്. ഇവരെ മോർച്ചറിയിൽ കൊണ്ടു പോയെങ്കിലും തിരിച്ചറിഞ്ഞില്ല. മൃതദേഹം കറുത്തിരുണ്ട നിലയിലായിരുന്നു. തുടർന്ന് പൊലീസ് കൊല്ലപ്പെട്ട ഉടനെ എടുത്ത ഫോട്ടോ കാട്ടുകയായിരുന്നു. എന്നാൽ അത് അരവിന്ദന്റേത് തന്നെയാണെന്ന സംശയം മാത്രമാണ് ഇവർ പ്രകടിപ്പിച്ചത്. പലരുടെയും തലയ്ക്കാണ് വെടിയേറ്റത്. അതിനാൽ മൃതദേഹം കൊണ്ട് വരുമ്പോൾ തന്നെ വികൃതമായിരുന്നു. കഴിഞ്ഞ മാസം 29 ന് രാത്രിയാണ് മണിവാസകം, കാർത്തി, രമ, അരവിന്ദ് എന്നിവരുടെ മൃതദേഹങ്ങൾ അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ നിന്ന് മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിച്ചത്. പിറ്റേന്ന് മൃതദേഹങ്ങൾ ഒരു ദിവസം മുഴുനീളെ പത്തോളം പേരടങ്ങുന്ന സംഘം പോസ്റ്റ്മാർട്ടം ചെയ്ത് ഫ്രീസറിലേക്ക് മാറ്റി. ഇതിനിടയിൽ മരിച്ച മണിവാസകത്തെ മാത്രമാണ് തിരിച്ചറിഞ്ഞത്. കാർത്തിയെയും അരവിന്ദനെയും തിരക്കി പലരും വന്നെങ്കിലും രമയെ തേടി ആരും എത്തിയുമില്ല.
ഇതിനിടെ ഹൈക്കോടതി അനുമതിയോടെ മാത്രമെ സംസ്‌കരിക്കാവൂവെന്ന വിധി വന്നതോടെ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് പൊലീസ്. എംബാം ചെയ്യണമെന്ന നിർദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല. രണ്ടോ മൂന്നോ ദിവസം കൂടി മാത്രമേ ഇതേ രീതിയിൽ മൃതദേഹം ഫ്രീസറിൽസൂക്ഷിക്കാനാകൂവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ സൂചിപ്പിക്കുന്നത്. മറ്റ് പോസ്റ്റ്‌മോർട്ടത്തിന് മൃതദേഹങ്ങൾ കൊണ്ട് വരുന്നവരും ഇത് മൂലം ദുരിതത്തിലാണ്. കർശന നിയന്ത്രണത്തോടെയാണ് മോർച്ചറിയിലേക്ക് കടത്തി വിടുന്നത്.

..................

ഏറ്റുമുട്ടൽ നടന്നത് ഒക്ടോ. 28ന്
മണിവാസകത്തിന്റെ മൃതദേഹം കണ്ടെത്തുന്നത് 29ന്
മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിച്ചത് ഒക്ടോബർ 29 ന് രാത്രി
ഇതുവരെ തിരിച്ചറിഞ്ഞത് മണി വാസകത്തെ മാത്രം
അരവിന്ദന്റെ ബന്ധുവിന് മൃതദേഹം കണ്ട് തിരിച്ചറിയാനായില്ല
തിരിച്ചറിഞ്ഞത് ചിത്രം നോക്കി
രമയുടെ മൃതദേഹം തേടി ആരുമെത്തിയില്ല
കാർത്തിയുടെ മൃതദേഹവും തിരിച്ചറിഞ്ഞില്ല