കൊടുങ്ങല്ലൂർ: ചേരമാൻ മസ്ജിദ് ലോകത്തിന് നൽകുന്നത് മത, സാംസ്‌കാരിക മൈത്രിയുടെ അതുല്യ സന്ദേശമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് പുനരുദ്ധാരണ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു ഗവർണർ. ഐതിഹാസിക തുറമുഖമായിരുന്ന മുസിരിസിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം പുനഃസ്ഥാപിക്കുന്നതിനായുള്ള ടൂറിസം വകുപ്പിന്റെ മുസിരിസ് പൈതൃക പദ്ധതിയിൽ സുപ്രധാനമാണ് ചേരമാൻ ജുമാമസ്ജിദ് പദ്ധതി. തങ്ങളുമായി ഇടപഴകുകയും കൂടിച്ചേരുകയും ചെയ്ത എല്ലാ സംസ്‌കാരങ്ങളിൽ നിന്നും നല്ല മൂല്യങ്ങളും ജീവിതശൈലികളും സന്തോഷത്തോടെ സ്വാംശീകരിക്കുകയാണ് കേരളം ചെയ്തത്.
രാവണനെ സുൽത്താനായി ചിത്രീകരിക്കുന്ന അറബി മലയാളത്തിലെഴുതപ്പെട്ട മാപ്പിള രാമായണവും ഹൈന്ദവ ഉത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന മുസ്ലിങ്ങളുടെ നേർച്ച ആചാരങ്ങളും ഇതിന്റെ ചില ഉദാഹരണങ്ങൾ മാത്രം. ചേരരാജാവ് ചേരമാൻ പെരുമാൾ മെക്കയിലേക്ക് തീർത്ഥാടനം നടത്തുകയും ഹിന്ദുവായ ഒരു ശ്രേഷ്ഠൻ അറയ്ക്കൽ മുസ്ലിം രാജവംശം സ്ഥാപിക്കുകയും ചെയ്തതായി ഐതിഹ്യം പറയുന്നു. ഈ പള്ളിയുടെ കേരളീയ ശില്പമാതൃകയും കുളവും കെടാവിളക്കും ആ സമ്പന്ന പാരമ്പര്യത്തിന്റെ അവശേഷിപ്പുകളാണ്.
ഈ പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനം 'എല്ലാ മതങ്ങളെയും ഞാൻ സ്വീകരിക്കുന്നു, ആരാധിക്കുന്നു' എന്ന വിവേകാനന്ദ വാക്യത്തിന്റെ സന്ദേശമാണ് പകരുന്നത്. മനുഷ്യരോട് മാത്രമല്ല, എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കണമെന്നും അത് വഴി എല്ലാ മനുഷ്യരിലും കാരുണ്യവും ദയയും വളർത്തുക എന്നതാണ് പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞു വച്ചതെന്നും നബിദിനാശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. മന്ത്രി ടി.എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു.