എരുമപ്പെട്ടി: കാത്തിരിപ്പിന് വിരാമമിട്ട് എരുമപ്പെട്ടിയിലെ പൊലീസ് ക്വാർട്ടേഴ്‌സ് യാഥാർത്ഥ്യമാകുന്നു. സ്ഥലം എം.എൽ.എയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ എ.സി. മൊയ്തീന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ പൊലീസ് ക്വാർട്ടേഴ്‌സ് നിർമ്മാണത്തിനായി അനുവദിച്ചു. ഇതിന്റെ ഭാഗമായി മന്ത്രി എ.സി. മൊയ്തീൻ എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പൊലീസിന് എരുമപ്പെട്ടിയിലെ വിശ്രമം അത്ര സുരക്ഷിതമല്ല. ക്വാർട്ടേഴ്‌സ് ഇല്ലാത്തതിനാൽ ഉപയോഗ ശൂന്യമായ പഴയ സ്റ്റേഷനിലാണ് ഉദ്യോഗസ്ഥർ താമസിക്കുന്നത്. വർഷങ്ങളുടെ പഴക്കമുള്ള ഓട്‌മേഞ്ഞ കെട്ടിടം ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. മിക്ക പൊലീസ് സ്‌റ്റേഷനുകളിലും കാലാനുസൃതമായി സ്ഥിതിക്ക് കാര്യമായ മാറ്റം വന്നെങ്കിലും എരുമപ്പെട്ടിയിൽ മാത്രം വർഷങ്ങളായി പൊലീസ് ഉദ്യോഗസ്ഥർ ഈ ദുരവസ്ഥയിലാണ് കഴിയുന്നത്.
മന്ത്രി എ.സി.മൊയ്തീന്റെ ഇടപെടലോടെ എരുമപ്പെട്ടിയിലെ പൊലീസിന് ക്വാർട്ടേഴ്‌സ് എന്ന ആവശ്യം നടപ്പാകുകയാണ്. കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്. സിനോജിന്റെ അഭ്യർത്ഥന മാനിച്ചാണ് മന്ത്രി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത്. സ്റ്റേഷൻ ഹൗസ് ഓഫീസർ ഭൂപേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മന്ത്രിയെ സ്വീകരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, കെ.എം. അഷറഫ്, പി.ടി. ദേവസി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.