സി.പി.ഐ അംഗങ്ങൾ പദവികൾ രാജിവച്ചു
അന്തിക്കാട്: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് ധാരണപ്രകാരമുള്ള കരാർ സി.പി.എം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് വൈസ് പ്രസിഡന്റ് സ്ഥാനവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനവും സി.പി.ഐ അംഗങ്ങൾ രാജിവച്ചു. വൈസ് പ്രസിഡന്റായിരുന്ന പി.ബി. ഹരിദാസും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനായിരുന്ന മേനുജ പ്രതാപനുമാണ് തത്സ്ഥാനം രാജിവച്ചത്.
25 മാസം പ്രസിഡന്റ് സ്ഥാനം സി.പി.ഐക്ക് നൽകാമെന്നായിരുന്നു എൽ.ഡി.എഫിൽ ധാരണ ഉണ്ടായിരുന്നത്രെ. എൽ.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ ധാരണപ്രകാരം ഒരുമിച്ച് മത്സരിക്കുകയും വിജയിക്കുമ്പോൾ തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് നഗ്‌നമായ കരാർ ലംഘനമാണെന്ന് സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.എം. ജയദേവൻ പറഞ്ഞു.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിയ സി.പി.ഐ അംഗങ്ങൾ ബി.ഡി.ഒ അവധിയിലായതിനെ തുടർന്ന് ജോയിന്റ് ബി.ഡി.ഒ ഇൻ ചാർജ് അമ്മുക്കുട്ടിക്ക് തിങ്കളാഴ്ച രാജിക്കത്ത് നൽകി. ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എമ്മിന് എട്ട് അംഗങ്ങളും സി.പി.ഐക്ക് അഞ്ച് അംഗങ്ങളുമാണുള്ളത്.
ധാരണയില്ല
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി ഏറ്റെടുക്കുമ്പോൾ ഇത്തരമൊരു ധാരണയെക്കുറിച്ച് കേട്ടറിവ് പോലും ഇല്ല. മേൽ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കും, രാജി ആരും ആവശ്യപ്പെട്ടിട്ടില്ല.
പി.സി. ശ്രീദേവി, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്