ഇരിങ്ങാലക്കുട : മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയുടെ ആദ്യദിനത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൈതാനത്ത് തുടക്കം. 12നും 13നും ചാലക്കുടി കാർമ്മൽ സ്‌കൂൾ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കും. ക്രൈസ്റ്റ് കോളേജ് മൈതാനത്ത് ക്രോസ് കൺട്രി, ജാവലിൻ ത്രോ, ഹാമ്മർ ത്രോ, ഹൈജമ്പ്, ലോംഗ് ജമ്പ്, ട്രിപ്പിൾ ജമ്പ്, പോൾ വാൾട്ട്, 200, 400, 800 മീറ്റർ ഓട്ടമത്സര ഇനങ്ങളിലാണ് മത്സരം നടന്നത്.

2016-17 വർഷത്തിൽ നടന്ന കായിമേളയിൽ ജമ്പിനങ്ങളുടെ വേദിയെക്കുറിച്ച് പരാതി ഉയർന്നിരുന്നു. ജമ്പിംഗ് ബെഡിനെക്കുറിച്ചായിരുന്നു പരാതി. ഇതേത്തുടർന്നാണ് ഈ ഇനങ്ങൾ ഇരിങ്ങാലക്കുടയിലേക്ക് മാറ്റിയതെന്ന് സംഘാടകർ പറഞ്ഞു. ഉദ്ഘാടന സമ്മേളനം ഇന്ന് രാവിലെ 10ന് കാർമ്മൽ സ്റ്റേഡിയത്തിൽ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം നിർവഹിക്കും. നാളെ വൈകീട്ട് നാലിന് സമാപന സമ്മേളനം. 12 ഉപജില്ലകളിൽ നിന്നായി 2304 കുട്ടികൾ മത്സര രംഗത്തിറങ്ങും.