photo
പൂർവ വിദ്യാർത്ഥി സംഗമം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

മാള: സ്വാതന്ത്ര്യലബ്ധിക്ക് മുമ്പേ ആരംഭിച്ച അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥികളുടെ ഒത്തുചേരൽ തലമുറകളുടെ സംഗമമായി മാറി. മൂന്ന് തലമുറകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് സംഗമത്തിനെത്തിയത്. 1946ൽ ഒമ്പതാം ക്ലാസിൽ പഠിച്ചിരുന്ന കുഴിക്കാട്ടുശ്ശേരി സ്വദേശി ജോർജ് ആയിരുന്നു ഏറ്റവും പ്രായമേറിയ പൂർവ വിദ്യാർത്ഥി.

എൺപതിന്റെ മദ്ധ്യത്തിലും ചുറുചുറുക്കോടെയാണ് അദ്ദേഹം സംഗമത്തിനെത്തിയത്. അന്നത്തെ സ്‌കൂൾ കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴും ആവേശം ഒട്ടും കുറയുന്നില്ല. മങ്ങാത്ത ഓർമകളുമായാണ് മാരേക്കാട് സ്വദേശിയായ ഹംസ സംഗമത്തിനെത്തിയത്. 1959 ലാണ് പഠിച്ചിറങ്ങിയത്. പുതുതലമുറയുടെ പ്രതിനിധികളും കുറവായിരുന്നില്ല. തങ്ങളുടെ ഗുരുക്കന്മാരായിരുന്ന ടി.കെ. അച്യുതൻ മാഷും ആന്റുമാഷും സുമതി ടീച്ചറും പത്മാവതി ടീച്ചറും കുടിയെത്തിയപ്പോൾ പൂർവ വിദ്യാർത്ഥികളും പ്രായം മറന്നു.

കുശലാമ്പേഷണങ്ങളുമായി പഴയ വിദ്യാർത്ഥികൾ ചുറ്റുംകുടിയപ്പോൾ അത് പഴയകാല ഗുരുശിഷ്യ ബന്ധത്തിന്റെ ദൃഢത ബോദ്ധ്യപ്പെടുത്തുന്ന രംഗങ്ങൾക്ക് വഴിമാറി. ഗുരുനാഥന്മാർക്കും സഹപാഠികൾക്കുമൊപ്പം സെൽഫിയെടുത്തും ഫോൺ നമ്പറുകൽ കൈമാറിയും തങ്ങൾ പഠിച്ചിരുന്ന ക്ലാസ് മുറികളും വരാന്തകളും ചുറ്റിനടന്നും ഗൃഹാതുരത്വമുണർത്തുന്ന ഒർമകളുമായിട്ടായിരുന്നു മടക്കം. ഇനിയും ഒത്തുകൂടണമെന്ന ഒർമപ്പെടുത്തലോടെ.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രസിഡന്റ് എ.ജി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മധു, പി. പത്മാവതി, പി. ജയചന്ദ്രൻ, പ്രധാനദ്ധ്യാപിക പി. ലേഖ, കെ.വി. ഡേവിസ്, പി.പി. സുബ്രഹ്മണ്യൻ, ടി.കെ. അച്യുതൻ, കെ.പി. ആന്റോ എന്നിവർ പ്രസംഗിച്ചു. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു സംഗമം.