ചാലക്കുടി: മണ്ഡലത്തിലെ അഞ്ച് ജംഗ്ഷനുകളിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചതായി ബി.ഡി. ദേവസി എം.എൽ.എ അറിയിച്ചു. കെ.എസ്.ആർ.ടി.സി റോഡ്, പരിയാരം ചർച്ച് ജംഗ്ഷൻ, മുരിങ്ങൂർ ജംഗ്ഷൻ, മേച്ചിറ ജംഗ്ഷൻ, തുമ്പൂർമുഴി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമ്മിക്കുന്നത്. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 24,90 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. ചാലക്കുടി കെ.എസ്.ആർ.ടി.സി റോഡ്, മുരിങ്ങൂർ ജംഗ്ഷൻ, തുമ്പൂർമുഴി എന്നിവിടങ്ങളിൽ സോളാർ പാനൽ, എഫ്.എം എന്നീ സൗകര്യങ്ങളോടെ ക്ലാഡിംഗ് പാനൽ പാർക്കുകളോടെയാണ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമ്മിക്കുക. പൊതുമരാമത്ത് റോഡ്‌സ് ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർക്കാണ് നിർമാണ ചുമതല.