തൃശൂർ: കടൽ വഴിയുള്ള ഭീകരാക്രമണവും വിധ്വംസക പ്രവർത്തനങ്ങളും തടയുന്നതിനുള്ള ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ സുരക്ഷാ പരിശീലന പരിപാടിയായ സാഗർ കവച് സുരക്ഷാ മോക് ഡ്രിൽ പൂർത്തിയായപ്പോൾ ജില്ലയുടെ തീരദേശം കൂടുതൽ സുശക്തം. കടലിലും കരയിലും എല്ലാ പഴുതുകളുമടച്ചുള്ള പരിശോധനയിൽ തീവ്രവാദികൾ ചമഞ്ഞെത്തിയ ആർക്കും ജില്ലയിലേക്ക് കടക്കാനായില്ല.

അഴീക്കോട് മുനയ്ക്കൽ ബീച്ച് മുതൽ ചാവക്കാട് ഹാർബർ വരെയാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, തീരദേശ പൊലീസ്, ലോക്കൽ പൊലീസ്, ഫിഷറീസ് വകുപ്പ്, തുറമുഖ വകുപ്പ്, കസ്റ്റംസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ലൈറ്റ് ഹൗസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായിട്ടായിരുന്നു പരിശോധന.

കോസ്റ്റ് ഗാർഡും നേവിയും റെഡ് ആർമി എന്ന പേരിലും കോസ്റ്റൽ പൊലീസ്, ഫിഷറീസ്, കടലോര ജാഗ്രതാ സമിതി എന്നിവർ ബ്ലൂ ആർമി എന്ന പേരിലുമാണ് പരിശോധന നടത്തിയത്. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീജ്യണൽ കോസ്റ്റൽ സെക്യൂരിറ്റി ഓപറേഷൻ സെന്ററാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ചൊവ്വാഴ്ച വൈകീട്ട് വരെയായിരുന്നു മോക്ഡ്രിൽ.

കേരളം, മാഹി, ലക്ഷദ്വീപ് പ്രദേശങ്ങളിലെ ആഴക്കടലിലും തീരദേശത്തും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും കൂടാതെ വിവിധ കപ്പലുകളുടെ പട്രോളിംഗ് ബോട്ടുകളും എല്ലാ മത്സ്യബന്ധന യാനങ്ങളിലും കർശനമായ പരിശോധന നടത്തി. പ്രധാന ഫിഷ് ലാൻഡിംഗ് സെന്ററുകൾ, അതീവസുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക പോലീസ് നിരീക്ഷണവും തീരപ്രദേശങ്ങളിൽ പട്രോളിങ്ങും ശക്തമാക്കിയിരുന്നു.

കടൽമാർഗം ഒളിഞ്ഞെത്തിയ റെഡ് ആർമിയിലെ പതിനാലു പേരെ കേരളത്തിന്റെ പരിശോധനയിൽ പിടികൂടി. വിഴിഞ്ഞം(3), ഫോർട്ട് കൊച്ചി (2),അഴീക്കൽ (4),തലശ്ശേരി (3) തോട്ടപ്പിള്ളി (1) പൊന്നാനി (1) എന്നിങ്ങനെയാണ് പരീക്ഷണ മോക്ഡ്രില്ലിൽ മറ്റിടങ്ങളിൽ നിന്ന് പിടികൂടിയത്.