ചാലക്കുടി: മാതാപിതാക്കൾ മരണക്കിണറിൽ ചീറിപ്പായുന്ന ദൃശ്യങ്ങളായിരുന്നു കുട്ടിക്കാലം മുതൽക്കേ അവൻ്റെ ഉളളിൽ വട്ടം കറങ്ങിയിരുന്നത്. പക്ഷേ, അതിലൊന്നും കുലുങ്ങുന്ന മനസായിരുന്നില്ല മഹാരാഷ്ട്രക്കാരൻ ബാബു ജിലാനിയുടേത്. അതുകൊണ്ടു തന്നെയാണ് ഈ മിടുക്കൻ 5000 മീറ്റർ നടത്ത മത്സരത്തിൽ ഒന്നാമനായത്.

മക്കളെ വളർത്തി വലുതാക്കാനാണ് ജീവൻ പണയം വെച്ച് അച്ഛൻ സർക്കസിൽ കാണികളെ അതിശയിപ്പിക്കുന്നതെന്ന് ചെറുപ്പത്തിലേ അവൻ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് ഇത്തവണ കേരളവും കടന്നുള്ള മത്സരത്തിലേക്ക് കടക്കണമെന്ന മനക്കരുത്തിന് പിന്നിൽ.

വട്ടേപ്പാടം ഐ.സി.എ സ്‌കൂളിനായി മാത്രമല്ല മക്കൾക്കായി മരണത്തിനും ജീവിതത്തിനും നടുവിൽ അന്തമില്ലാതെ ചീറിപ്പായുന്ന മാതാപിതാക്കൾക്കായുള്ള സമർപ്പണത്തിന്റെ ഇരട്ടി മധുരവുമാണ് ബാബു ജിലാനി നുകരുന്നത്. കഴിഞ്ഞ വർഷത്തെ മീറ്റിൽ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയ വിദ്യാർത്ഥിയെ കീഴ്‌പ്പെടുത്തിയതിന്റെ മധുരപ്രതികാരവുമുണ്ട്. പിതാവ് ജിലാനിയും അമ്മ ഐഷയും ഏറെക്കാലമായി മഹാരാഷ്ട്രക്കാരാണ്.

നാട്ടിൽ അല്ലറ ചില്ലറ സർക്കസുകൾ നടത്തിയായിരുന്നു ജീവിച്ചുപോന്നത്. നാട്ടുകാരെല്ലാം ജീവിക്കാൻ വേണ്ടി കേരളത്തിലേക്ക് പലായനം ചെയ്തപ്പോൾ അവരും പോന്നു. ചാവക്കാട്ടേക്കുള്ള പലായനം തികച്ചും യാദൃശ്ചികം. പതിനൊന്നു വർഷം മുമ്പ് അവിടെ നടന്ന സർക്കസിൽ ഈ ദമ്പതികൾക്ക് ചെറിയ ജോലി കിട്ടി. പിന്നീടത് സ്ഥിരമായി.

ഇപ്പോൾ മരണക്കിണറിൽ കാറോടിക്കുകയെന്ന ന്യൂ ഗുഡ് സൂപ്പർ സർക്കസിലെ ദൗത്യം പൂർണ്ണമായും ജിലാനിയുടെ ചുമലിലാണ്. കേരളത്തിൽ ഇവർ സ്ഥിര താമസമാക്കിയപ്പോൾ ബാബു അടക്കം നാലു കുട്ടികളും ഇവിടെ പഠിച്ചു തുടങ്ങി. മൂന്നു സഹോദരിമാർ എറണാകുളത്ത് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു. ഹയർ സെക്കൻഡറി പഠിക്കാനാണ് ബാബു ജിലാനി അവിടെ നിന്നും വട്ടേപ്പാടത്തെത്തിയത്. ഈയൊറ്റ ഇനത്തിൽ താൻ സംസ്ഥാന മത്സരത്തിലും വിജയക്കൊടി പാറിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട് ബാബുവിന്. അത് ഹിന്ദിയിലല്ല, മലയാളത്തിൽ തന്നെ ഉറപ്പിച്ചു പറയും പതിനാറുകാരനായ ബാബുജി.