nayadi
നിർമ്മാണ പ്രവർത്തനം ആരംഭിച്ച നായാടികോളനിയിലെ വീട്

എരുമപ്പെട്ടി: മണ്ടംപറമ്പ് നായാടി കോളനിയിലെ വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്ഥാന പട്ടികജാതി വകുപ്പ് അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പിൽ 12 നായാടി കുടുംബങ്ങളാണ് വീടുകളുടെ അസൗകര്യം കൊണ്ട് ദുരിതം പേറി കഴിയുന്നത്.

2008ൽ കളക്ടറായിരുന്ന സി.വി. ബേബി പ്രത്യേക പദ്ധതി രൂപീകരിച്ചാണ് ദരിദ്ര ദുർബല വിഭാഗമായ നായാടി കുടുംബങ്ങൾക്ക് നിലവിലുള്ള വീടുകൾ നിർമ്മിച്ച് നൽകിയത്. കാലപ്പഴക്കത്താൽ വീടുകൾ ശോചനീയവസ്ഥയിലായതും അംഗസംഖ്യ വർദ്ധിച്ചതിനാലുള്ള സൗകര്യക്കുറവും കോളനി നിവാസികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ ദുർബല പട്ടിക ജാതി വിഭാഗത്തിൽ ഉൾപ്പെടുത്തി വീടുകളുടെ പുനരുദ്ധാരണത്തിന് 60 ലക്ഷം രൂപ അനുവദിച്ചത്.

നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. വരാന്ത, ഒരു മുറി, അടുക്കളയടക്കം 300 സ്‌ക്വയർ ഫീറ്റാണ് അധികമായി നിർമ്മിക്കുന്നത്. പുതിയ വയറിംഗും നടത്തും . അനുവദിച്ച 60 ലക്ഷത്തിൽ നികുതിയും നിർമ്മിതിക്കുള്ള നിരക്കും നീക്കി വച്ച് ഏകദേശം 40 ലക്ഷം രൂപ മാത്രമേ നിർമ്മാണത്തിനായി ചെലവഴിക്കാൻ സാധിക്കുകയുള്ളൂ.

നിർമ്മിതിയും, പഞ്ചായത്തും ഉൾപ്പടെയുള്ള മോണിറ്ററിംഗ് സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. 6 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി വീടുകൾ കൈമാറുമെന്ന് നിർമ്മിതി അറിയിച്ചു. നായാടി കോളനിയിലെ കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തെകുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.