മാള: അന്നമനട പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടന്ന വോളിബാൾ മത്സര വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം അട്ടിമറിച്ചതായി ആരോപണം. ഫൈനൽ മത്സരം കഴിഞ്ഞ് വിജയിയെ പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിന് ശേഷം മറ്റൊരു ടീമിനെ വിജയിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് യുണൈറ്റഡ് ഫ്രണ്ട്‌സ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. റഫറിയുടെ തീരുമാനത്തെ നിയമപ്രകാരം അപ്പീൽ നൽകി നടപടി സ്വീകരിക്കാതെയാണ് വീണ്ടും മൂന്നാം ദിവസം മത്സരം നടത്താൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് യുവജന ക്ഷേമ ബോർഡ്, സ്പോർട്സ് കൗൺസിൽ എന്നിവർക്ക് ക്ലബ് പരാതി നൽകിയിട്ടുണ്ട്. അപ്പീൽ നിയമപരമായി നൽകാതെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകപക്ഷീയമായ തീരുമാനത്തിലാണ് മത്സരം അട്ടിമറിച്ചതെന്ന് റഫറിയായിരുന്ന സി.ഐ. കാസിം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിജയിച്ച യു.എഫ്.എസ്.സി.ടീമിലെ അംഗമാണ് റഫറിയെന്ന കാരണമാണ് മറുവിഭാഗം ആരോപണം ഉന്നയിക്കുന്നത്. എന്നാൽ ഇക്കാര്യം മത്സരത്തിന് മുൻപ് ഉന്നയിക്കാമായിരുന്നുവെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ക്ലബ് ഭാരവാഹികളായ വി.എം. അലി, സന്തോഷ് താന്നിക്കൽ, ഷമീർ മേത്തർ, സുരേഷ് കോച്ചേരി എന്നിവർ വ്യക്തമാക്കി.