എരുമപ്പെട്ടി: വടക്കാഞ്ചേരി കുന്നംകുളം റോഡിന്റെ പുനർനിർമ്മാണം ഉടൻ ആരംഭിക്കും. കാഞ്ഞിരക്കോട് മുതൽ പാഴിയോട്ട്മുറി വരെയുള്ള ഭാഗത്തിനായി പത്ത് കോടി രൂപ അനുവദിച്ചതായി മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.
കുന്നംകുളം - വടക്കാഞ്ചേരി റോഡിന്റെ പല ഭാഗങ്ങളും തകർന്ന് യാത്രാ ക്ലേശം സൃഷ്ടിക്കുകയാണ്. പൊതുമരാമത്ത് അധികൃതർ കുഴികൾ താത്കാലികമായി അടയ്ക്കാൻ ശ്രമിച്ചെങ്കിലും അത് കൂടുതൽ ബുദ്ധിമുട്ടായി മാറി. കുന്നംകുളം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കാഞ്ഞിരക്കോട് മുതൽ പാഴിയോട്ട് മുറി വരെയുള്ള റോഡിന്റെ പുനർ നിർമ്മാണം മഴമാറിയാലുടൻ ആരംഭിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
പത്ത് കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. പാഴിയോട്ട് മുറി മുതൽ പന്നിത്തടം വരെയുള്ള റോഡിന്റെ ഫിനിഷിംഗ് വർക്കും ഇതോടൊപ്പം നടക്കും. എരുമപ്പെട്ടി കടങ്ങോട് അക്കിക്കാവ് റോഡിന്റെ പുനർ നിർമ്മാണവും ഉടൻ ആരംഭിക്കും. ഇതിനായി പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
എരുമപ്പെട്ടി പഞ്ചായത്തിലെ ചാത്തംകുളം ചിറ്റണ്ട റോഡിന്റെയും കാഞ്ഞിരക്കോട് കൊടുമ്പ് റോഡിന്റെയും പുനർ നിർമ്മാണത്തിനും ഫണ്ട് അനുവദിച്ചതായി മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.