വടക്കാഞ്ചേരി: നഗരസഭയിൽ സി.പി.എം നടത്തുന്നത് ദുർഭരണമാണെന്ന് ആരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭാ ആസ്ഥാനത്തേക്ക് മാർച്ചും ധർണ്ണയും നടത്തി. ഓട്ടുപാറ താളം തിയേറ്ററിനു സമീപത്തുനിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

തുടർന്ന് നഗരസഭാ കാര്യാലയത്തിനു മുന്നിൽ നടന്ന ധർണ്ണ മുൻ എം.എൽ.എ: പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് അഡ്വ. സി. വിജയൻ അദ്ധ്യക്ഷനായി. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ നഗരസഭാ ഭരണാധികാരികൾ ജനങ്ങളുടെ മിതമായ ആവശ്യങ്ങൾ പോലും അനുവദിക്കാൻ കഴിയാതെ സമ്പൂർണ്ണ പരാജയമായി മാറിയിരിക്കയാണെന്നും സർവ്വത്ര മേഖലയിലും പരാജയമാണെന്നും നേതാക്കൾ ആരോപിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ, നഗരസഭാ പ്രതിപക്ഷ നേതാവും ഡി.സി.സി സെക്രട്ടറിയുമായ കെ. അജിത്ത് കുമാർ, നാസർ മങ്കര, സി.എ. ശങ്കരൻ കുട്ടി, കൗൺസിലർമാരായ സിന്ധു സുബ്രഹ്മണ്യൻ, ടി.വി. സണ്ണി, ബുഷറ റഷീദ് തുടങ്ങിയവർ സംസാരിച്ചു.