vediyunda

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ ഒമ്പത് എം.എം പിസ്റ്റളിൽ ഉപയോഗിക്കുന്ന വെടിയുണ്ടയുടെ ഭാഗം കണ്ടെത്തി. ശ്രീകോവിലിന് തെക്കു ഭാഗത്തുള്ള വലിയ ഭണ്ഡാരം എണ്ണുന്നതിനിടെ ജീവനക്കാരാണ് വെടിയുണ്ട കണ്ടത്. ഉടനേ ക്ഷേത്രം സെക്യൂരിറ്റി ഓഫീസറെ കൗണ്ടിംഗ് ഹാളിൽ വിളിച്ചുവരുത്തി പരിശോധിപ്പിച്ചു. ബാലിസ്റ്റിക് വിദഗ്ദ്ധർ വിശദ പരിശോധന നടത്തിയാലേ ഏതു തരം തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടയാണെന്ന് അറിയാനാകൂ. ദേവസ്വം അധികൃതർ വെടിയുണ്ട ടെമ്പിൾ പൊലീസിന് കൈമാറി.

ക്ഷേത്രത്തിന്റെ കവാടങ്ങളിലെല്ലാം സ്ഥാപിച്ചിട്ടുള്ള മെറ്റൽ ഡിറ്റക്ടറുകൾക്കുള്ളിലൂടെയാണ് ഭക്തരെ കടത്തിവിടുന്നത്. എന്നിട്ടും ഈയവും ചെമ്പും ചേർത്ത് നിർമ്മിച്ച വെടിയുണ്ട കണ്ടെത്താനായില്ല. കണ്ടെത്തിയ വെടിയുണ്ട ഒമ്പത് എം.എം പിസ്റ്റളിൽ ഉപയോഗിക്കുന്നതാണ്. പൊലീസ് ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഇത്തരം തോക്കുകളാണ് ഉപയോഗിക്കുന്നത്. ലൈസൻസുള്ള സ്വകാര്യവ്യക്തികളും ഈ തിരകൾ ഉപയോഗിക്കാറുണ്ട്. ക്ഷേത്ര ദർശനത്തിനെത്തുന്ന പൊലീസിലെ ഉന്നതരടക്കമുള്ളവരെ സുരക്ഷാ പരിശോധനയില്ലാതെയാണ് കടത്തിവിടുന്നത്.

സാദ്ധ്യതകൾ ഇവ

1. എത്തിയത് സുരക്ഷാ പരിശോധന ഇല്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നവരിൽ നിന്ന്

2. പൊലീസ് ഉദ്യോഗസ്ഥരും ഉപയോഗിക്കുന്നത് ഒമ്പത് എം.എം പിസ്റ്റൽ

3. ഭക്തരാരെങ്കിലും നാണയം നിക്ഷേപിച്ചതിനൊപ്പം ഭണ്ഡാരത്തിൽ നിക്ഷേപിച്ചത്