പുതുക്കാട്: സംസ്ഥാന ചെറിയ റെയിൽവേ സ്റ്റേഷനുകളിലെ വരുമാനം വർദ്ധിപ്പിക്കാനും അതുവഴി കൂടുതൽ സൗകര്യങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ ഉണ്ടാക്കാനുമുള്ള വിവിധ മാർഗങ്ങൾ തേടിയൊരു പ്രബന്ധം. ചെങ്ങന്നുർ ശ്രീഅയ്യപ്പ കോളേജിൽ നടന്ന അന്തർദേശിയ സമ്മേളനത്തിൽ തൃശൂർ തലക്കോട്ടുകരവിദ്യ എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അരുൺ ലോഹിതാക്ഷനാണ് പ്രബന്ധം അവതരിപ്പിച്ചത്.
തൃശൂർ ജില്ലയിലെ പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രവർത്തനങ്ങൾ ആണ് ഉദാഹരണമായി നൽകിയിട്ടുള്ളത്. ചെറുസ്റ്റേഷനുകളുടെ സമീപവാസികളുടെ അഭിപ്രായസർവേ നടത്തിയതിന് ശേഷം സർവേ ഫലം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ കൊണ്ട് സ്റ്റേഷനുകളുടെ വികസനം സാധിക്കും എന്നാണ് ഉള്ളടക്കം. ദക്ഷിണ റെയിൽവേയുടെയും സംസ്ഥാന സർക്കാരിന്റെയും യാത്രക്കാരുടെ സംഘടനകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മയാണ് ഇതിന് ആവശ്യമെന്നും പ്രബന്ധത്തിൽ പറയുന്നു.
വിദ്യ എൻജിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സി.ബി. സജി, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. എൻ. രാമചന്ദ്രൻ, ഡോ. കെ.ബി. മഹേശ്വരൻനമ്പൂതിരിപ്പാട്, അനീഷ് കരുണാകരൻ എന്നിവരുടെ പിന്തുണയും ദക്ഷിണ റെയിൽവേ അധികൃതരുടെ സഹകരണവും പ്രബന്ധരചനയ്ക്ക് പ്രയോജനമായെന്നു അരുൺ പറയുന്നു. ദക്ഷിണ റെയിൽവേ അധികൃതരുമായുള്ള കൂടുതൽ ചർച്ചക്ക് ശേഷം പ്രബന്ധം പൂർണ്ണരൂപത്തിലാക്കി ഒരോ ചെറിയ സ്റ്റേഷനുകളിലെയും പാസഞ്ചേഴ്‌സ് അസ്സോസിയേഷനുകൾക്ക് നൽകാനാണ് അരുണിന്റെ തീരുമാനം. പുതുക്കാട് ട്രെയിൻ പാസ്സഞ്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയാണ് പാഴായി സ്വദേശിയായ അരുൺ.