മുസ്‌ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ഐക്യദാർഢ്യം പ്രകടിപ്പിച്ചു

കൊടുങ്ങല്ലൂർ: നഗരസഭയിലെ ഇടതുഭരണം സമ്പൂർണ്ണ പരാജയമാണെന്ന് ആരോപിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച രാപ്പകൽ സമരം ഇന്ന് സമാപിക്കും. മേത്തല, കൊടുങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് രാപ്പകൽ സമരം ആരംഭിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം നാസർ സമര പ്രഖ്യാപനം നടത്തിയ ചടങ്ങിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ എം.പി സമരം ഉദ്ഘാടനം ചെയ്തു. തുടർന്ന് മണ്ഡലം പ്രസിഡന്റുമാരായ ഡിൽഷൻ കൊട്ടേക്കാട്ട്, വി.എം ജോണി എന്നിവർ ചേർന്ന് നഗരസഭാ ഭരണത്തിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിച്ചു. മുൻ എം.പി കെ.പി ധനപാലൻ, മുൻ എം.എൽ.എ എം.പി വിൻസെന്റ്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ജോസ് വെള്ളൂർ, അഡ്വ.ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത് എന്നിവർ സംസാരിച്ചു. കോൺഗ്രസ് കൗൺസിലർമാരും വിവിധ സംഘടനാ നേതാക്കളും ഉൾപ്പെടെ നിരവധി പേർ സമരത്തിൽ അണിചേർന്നു..

രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും സമരപ്പന്തൽ സന്ദർശിച്ചു. മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി ടി.എ നൗഷാദ്, കർഷക സംഘം ജില്ലാ സെക്രട്ടറി ഇ.എസ് സഗീർ, പെൻഷനേഴ്സ് ലീഗ് ജില്ലാ സെക്രട്ടറി പി.എ സീതി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു