കൊടുങ്ങല്ലൂർ: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന താലൂക്ക് ഗവ.ആശുപത്രിയും ആനാപ്പുഴ അർബൻ പ്രാഥമികാരോഗ്യകേന്ദ്രവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവാർഡുകൾക്കും അംഗീകാരത്തിനും അർഹമായതിന്റെ പുരസ്കാരം ഏറ്റുവാങ്ങി. സൂപ്രണ്ട് ഡോ.റോഷ്, ഹണി പീതാംബരൻ, സി.കെ. രാമനാഥൻ, തങ്കമണി സുബ്രഹ്മണ്യൻ, വി.കെ. സെയ്ദ്, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ആനാപ്പുഴ അർബൻ ഹെൽത്ത് സെന്ററിന് ദേശീയ തല അംഗീകാരവും കായ കൽപ്പ് അംഗീകാരവും ലഭിച്ചു. പ്രവർത്തന മികവ്, രോഗി സൗഹൃദ അന്തരീക്ഷം, മാലിന്യ നിർമ്മാർജ്ജനം, ശുചിത്വം തുടങ്ങി ഒട്ടേറെ സൂചകങ്ങളിൽ കേന്ദ്ര സർക്കാരിന്റെ കർശന പരിശോധനയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന നാഷണൽ അക്രഡിറ്റേഷനാണ് ഈ ഹെൽത്ത് സെന്ററിന് ലഭിച്ചത്. കൂടാതെ കായകൽപ്പ്, സംസ്ഥാന സർക്കാരിന്റെ കേഷ് അക്രഡിറ്റേഷൻ അവാർഡുകൾക്കും ഈ സ്ഥാപനം അർഹത നേടി. ആരോഗ്യമേഖലയിൽ ദേശീയ-സംസ്ഥാനത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ അവാർഡുകളാണിവ.