തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും കണ്ടെത്തിയ വെടിയുണ്ട ശരീരത്തിൽ തുളച്ച് കയറാൻ ശേഷിയുള്ളത്. 450 മീറ്റർ അകലത്തിൽ നിന്ന് വരെ ഇത് പ്രയോഗിക്കാമെങ്കിലും നൂറു മീറ്റർ അകലെ വച്ച് വെടി വെച്ചാൽ ശരീരത്തിൽ തുളച്ച് കയറാൻ ശേഷിയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തോക്കിൽ നിന്നും പുറത്തേക്ക് പോയി ലക്ഷ്യ സ്ഥാനത്ത് പതിക്കുന്ന ഭാഗമാണിത്. എങ്ങനെ ഭണ്ഡാരത്തിൽ എത്തിയെന്നത് സംബന്ധിച്ച് അന്വേഷണം ഉണ്ടാക്കും. മാവോയിസ്റ്റ് ഭീഷണി, അയോദ്ധ്യ വിധി എന്നിവയെല്ലാം നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പതിവുള്ള സുരക്ഷയേക്കാൾ കൂടുതൽ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. ഇതിനിടയിലാണ് ഭണ്ഡാരത്തിൽ നിന്ന് തിരയുടെ ഭാഗം കണ്ടെത്തിയത്.

അതേ സമയം ഭണ്ഡാരത്തിൽ കണ്ടെത്തിയ ഉണ്ട അപകടകരമല്ലെന്നും പറയുന്നു. പൊലീസ് തന്നെ പരിശീലനത്തിനിടെ ഫയറിംഗ് നടത്തുമ്പോൾ പുറത്തേക്ക് പോകുന്ന ഉണ്ട മണ്ണിലും മറ്റും പൂഴ്ന്ന് കിടക്കുക പതിവാണ്. ഇതിന് ഉപയോഗിക്കുന്ന കെയ്‌സ് ഉണ്ടെങ്കിൽ മാത്രമേ പ്രയോഗിക്കാൻ സാധിക്കൂവെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഉണ്ട കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ തോക്കുകൾ പരിശോധിച്ചേക്കുമെന്നാണ് വിവരം..