തൃശൂർ: ആദ്യ അജൻഡയുടെ ചർച്ചയ്ക്ക് പതിവ് തെറ്റിക്കാതെ മൂന്നുമണിക്കൂർ. വിഷയം നഗരപരിധിയിലെ വൈദ്യുതി നിരക്കുവർദ്ധന. കോർപറേഷൻ പരിധിയിൽ വൈദ്യുതിനിരക്കു കൂട്ടിയതുമായി ബന്ധപ്പെട്ടു വൈദ്യുതി റെഗുലേറ്ററി കമ്മിഷനു മേയർ അയച്ച കത്തിന്റെ ഉള്ളടക്കം സംബന്ധിച്ച തർക്കവും ഉയർന്നു.
മേയർ കത്തയച്ചതു വൈദ്യുത ഉപകരണങ്ങൾ വാങ്ങിയ വകയിലുണ്ടായ നഷ്ടം നികത്താനെന്നു ഡെപ്യൂട്ടി മേയറുടെ വിശദീകരണം. എങ്കിൽ നഷ്ടം നികത്തിയ ശേഷം വില കുറയ്ക്കുമോ എന്നു പ്രതിപക്ഷം. അതു കേട്ടില്ലെന്നു നടിച്ച് ഭരണപക്ഷം. ഒടുവിൽ കോർപറേഷൻ വാങ്ങുന്ന ബൾക്ക് വൈദ്യുതി നിരക്കു കുറയ്ക്കുന്നതിനും വിതരണം ചെയ്യുന്ന റീടെയിൽ വൈദ്യുതി നിരക്കു കുറയ്ക്കുന്നതിനും റെഗുലേറ്ററി കമ്മിഷനു കത്തയക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു.
മേയർ വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിരക്കു കൂട്ടലെന്നു പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ പറഞ്ഞു. 2005 നു ശേഷം ആറുതവണ വൈദ്യുതി നിരക്കു വർദ്ധിപ്പിച്ചിരുന്നു. അന്നു വിഷയം കൗൺസിലിൽ ചർച്ച ചെയ്തിരുന്നില്ലെന്നു പറഞ്ഞു ഭരണപക്ഷം പ്രതിരോധം തീർത്തു.
സ്വകാര്യ ലൈസൻസിയേക്കാൾ കൂടിയ താരീഫിനാണ് കോർപറേഷനു വൈദ്യുതി നൽകുന്നതെന്നു എ. പ്രസാദ് ചൂണ്ടിക്കാട്ടി. ഫ്രാൻസിസ് ചാലിശേരി, എ. പ്രസാദ്, ബിജെപിയിലെ എം.എസ്. സമ്പൂർണ, കെ. മഹേഷ്, സി.പി.എമ്മിലെ പ്രേമകുമാരൻ, എം.എൻ. ശശിധരൻ, സതീഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.